പൊലീസുകാര്‍ കുട്ടൂസെന്ന് വിളിച്ചിരുന്ന ആറുമാസം പ്രായമുള്ള നായക്കുട്ടിയെ അന്വേഷിച്ച് ഇന്നലെ വൈകിട്ടാണ് ചേര്‍പ്പുങ്കല്‍ പുതിയവീട്ടില്‍ അരുണ്‍ എത്തിയത്. യജമാനനെ കണ്ടതോടെ തുള്ളിച്ചാടിയ കുട്ടൂസ് വീണ്ടും അരുണിന്റെ ബെല്ലയായി.
ചേര്‍പ്പുങ്കല്‍ ഭാഗത്ത് റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് അവശയായ നിലയില്‍ കണ്ടെത്തിയ നായക്കുട്ടിയെ രണ്ട് ചെറുപ്പക്കാരാണ് പട്രോളിംഗിന് വന്ന പൊലീസ് സംഘത്തിന് കൈമാറിയത്. സി.ഐ. കെ.പി ടോംസണിന്റെ നേതൃത്വത്തില്‍ പൊലീസുകാര്‍ നായക്കുട്ടിക്ക് ബിസ്കറ്റും പാലും പെഡിഗ്രിയും (നായകള്‍ക്കുള്ള ഭക്ഷണം) എല്ലാം വാങ്ങി നല്‍കി. പെട്ടെന്ന് പൊലീസുകാരുടെ ഓമനയായി.
പിറ്റേദിവസം തന്നെ പത്രങ്ങളിലും ചാനലുകളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലുമെല്ലാം ചിത്രം സഹിതം അറിയിപ്പ് നല്‍കിയിരുന്നു. ആരും എത്താതായതോടെ ഡോഗ് സ്കാഡിലേക്ക് ചേര്‍ക്കാമെന്ന് കരുതിയിരിക്കേയാണ് അരുണ്‍ വന്നത്. കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍ നായക്കുട്ടിയെ ആരെങ്കിലും മോഷ്ടിച്ചുകൊണ്ടു പോയെന്നാണ് കരുതിയത്. പത്രങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും പാലാ പൊലീസ് നല്‍കിയ വാര്‍ത്ത അതിരാവിലെ ജോലിക്ക് പോയി രാത്രിയില്‍ തിരിച്ചെത്തിയിരുന്ന അരുണ്‍ കണ്ടില്ല. സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. പാലാ സി.ഐ. കെ.പി.ടോംസണും പോലീസുകാരും പ്രിയപ്പെട്ട കുട്ടൂസിനെ അരുണിനൊപ്പം യാത്രയാക്കി.