CrimeNEWS

”പ്രതികള്‍ എത്തിയത് ആരുമില്ല എന്ന തക്കം നോക്കി, കൂടുതല്‍ പരാക്രമം കാണിച്ചത് ജിജിന്‍; ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും തയ്യാറായില്ല”

തിരുവനന്തപുരം: കല്യാണ തലേന്ന് അര്‍ദ്ധരാത്രിയില്‍ സത്കാരം കഴിഞ്ഞ് എല്ലാവരും പോയ തക്കത്തിനാണ് പ്രതികളായ നാലു യുവാക്കള്‍ വീട്ടില്‍ വന്നതെന്ന് കൊല്ലപ്പെട്ട രാജുവിന്റെ ബന്ധുക്കള്‍. വര്‍ക്കല കല്ലമ്പലം വടശേരിക്കോണം സ്വദേശി രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. അയല്‍വാസിയും ശ്രീലക്ഷ്മിയുടെ മുന്‍കാമുകനുമായ ജിഷ്ണു, ജിഷ്ണുവിന്റെ സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവര്‍ ചേര്‍ന്നാണ് രാജുവിനെ ആക്രമിച്ചത്. ജിജിനാണ് മണ്‍വെട്ടി കൊണ്ട് രാജുവിനെ തലയ്ക്കടിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. സത്കാരം കഴിഞ്ഞ് ആളുകള്‍ എല്ലാം പോയി വീട്ടില്‍ ബന്ധുക്കള്‍ മാത്രമുള്ള സമയത്താണ് യുവാക്കള്‍ വീട്ടിലേക്ക് എത്തിയത്. തര്‍ക്കത്തിന് ഒടുവില്‍ ആദ്യം ശ്രീലക്ഷ്മിയെയാണ് ഇവര്‍ ആക്രമിച്ചത്. ശ്രീലക്ഷ്മിയെ അടിച്ച് നിലത്തിട്ടു. ഇത് തടയാന്‍ ശ്രമിച്ച രാജുവിനെയും ആക്രമിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുവിനെ മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിച്ചുവീഴ്ത്തി. തുടര്‍ന്ന് രാജുവിനെയും സമാനമായ നിലയില്‍ അടിച്ചുവീഴ്ത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ജിജിന്‍ ആണ് രാജുവിന്റെ ബന്ധുവിനെയും രാജുവിനെയും മണ്‍വെട്ടി കൊണ്ട് അടിച്ചത്. വിവാഹ വേദിയില്‍ ജിജിന്‍ പരാക്രമം കാട്ടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

Signature-ad

ജിഷ്ണുവിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിരുന്നു. എന്നാല്‍ ശ്രീലക്ഷ്മിയുടെ വീട്ടുകാര്‍ ഇതിനോട് യോജിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ പത്തരയ്ക്കായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. പ്രതികള്‍ വിവാഹ വേദി മുഴുവന്‍ അലങ്കോലപ്പെടുത്തി. ആക്രമണത്തിന് പിന്നാലെ രാജു മരിച്ചെന്ന് കരുതി പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. രാജുവിനെ ആക്രമിക്കുന്ന സമയത്ത് മകന്‍ കാറ്ററിങ് ജീവനക്കാരെ കൊണ്ടുവിടാന്‍ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോയ സമയമായിരുന്നു. തക്കം നോക്കിയാണ് നാലംഗ സംഘം വീട്ടില്‍ വന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Back to top button
error: