HealthNEWS

സിടി സ്‌കാൻ, എം.ആര്‍.ഐ, എക്‌സറേ ഒഴിവാക്കപ്പെട്ടേക്കും;ഇനി ആരോഗ്യ രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്‌സ് സംവിധാനം

രോഗ്യ രംഗത്ത് പാരമ്ബര്യമായി പ്രചാരത്തിലുള്ള സിടി സ്‌കാൻ, എം.ആര്‍.ഐ, എക്‌സറേ സംവിധാനങ്ങൾ ഒഴിവാക്കപ്പെടാൻ സാധ്യത.പകരം ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്‌സ് ക്യാമറകൾ(AI Camera) ആകും ഇനി ഈ‌ രംഗം കൈയ്യടക്കുക.
 ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്‌സ് എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്.എഐ സംവിധാനം വഴി കണ്ണ് സ്‌കാൻ ചെയ്താല്‍ ഹൃദ്രോഗമടക്കം അറിയാനാകുമെന്നാണ് പുതിയ കണ്ടെത്തൽ.നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്‌സിന്റെ സഹായത്തോടെ ആശുപത്രികളിൽ ഓപ്പറേഷൻ ഉൾപ്പെടെ നടത്തുന്നുണ്ട്.താമസിയാതെ ഡയഗ്നോസ്റ്റിക് രംഗത്തും എഐ സംവിധാനം എത്തും എന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ധർ നൽകുന്ന സൂചന.
ഇത് ശരിവയ്ക്കുന്നതാണ് ഈയടുത്ത് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ നടത്തിയ പ്രസ്താവന. ഗൂഗ്ള്‍ ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്‌സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
നാല് വര്‍ഷം മുൻപ് ഗൂഗിളിന്റെയും അരവിന്ദ് ഐ ഹോസ്പിറ്റലിലെയും ഗവേഷകരുടെ സംയുക്ത സംഘം അന്ധതയ്ക്കുള്ള പ്രധാന കാരണമായ ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തുന്നതിനുള്ള ഓട്ടോമേറ്റഡ് ഉപകരണം വികസിപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചിരുന്നു. രോഗിയുടെ റെറ്റിനയുടെ ഫോട്ടോകള്‍ നല്‍കുമ്ബോള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനും നിമിഷങ്ങള്‍ക്കകം രോഗനിര്‍ണയം നടത്താനും കഴിയുന്ന അല്‍ഗോരിതം അവര്‍ വികസിപ്പിക്കുകയും ചെയ്തിരുന്നു. നേത്രരോഗ ചികിത്സാരംഗത്ത് ഈ പരിശോധനാ രീതി ഉടൻ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാല്‍ എഐയുടെ നേട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഒരു വ്യക്തിയുടെ ലിംഗഭേദം, പുകവലി നില, ഹൃദയാഘാതത്തിന്റെ അഞ്ച് വര്‍ഷത്തെ അപകടസാധ്യത എന്നിവയെല്ലാം റെറ്റിന ഇമേജറിയെ അടിസ്ഥാനമാക്കി പ്രവചിക്കാൻ കഴിവുള്ള ഒരു അല്‍ഗോരിതം ഈ വര്‍ഷമാദ്യം ഗൂഗ്ള്‍ അവതരിപ്പിച്ചു. ഡിമെൻഷ്യ, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, പാര്‍ക്കിൻസണ്‍സ്, അല്‍ഷിമേഴ്സ്, സ്‌കീസോഫ്രീനിയ തുടങ്ങിയ രോഗങ്ങളെ നേരത്തെ കണ്ടുപിടിക്കാനുള്ള ശേഷിയും എഐയ്ക്ക് ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശരീരത്തിന്റെ ആരോഗ്യത്തിലേക്കുള്ള ഒരു ജാലകമാണ് കണ്ണ്, പ്രത്യേകിച്ച്‌ റെറ്റിന. രക്തക്കുഴലുകള്‍ നിറഞ്ഞ കണ്ണിന്റെ ഇൻറീരിയര്‍ വാള്‍ അല്ലെങ്കില്‍ ഫണ്ടസ് ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്. അവയുടെ രൂപം പഠിക്കുന്നതിലൂടെ, ഒരു വ്യക്തിയുടെ രക്തസമ്മര്‍ദ്ദം, പ്രായം, പുകവലി ശീലങ്ങള്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് അനുമാനിക്കാനാകും. ഇവയെല്ലാം ഹൃദയാരോഗ്യത്തിന്റെ പ്രധാന സൂചകങ്ങളാണ്.
ഹൃദ്രോഗ സാധ്യതകള്‍ കണ്ടെത്താനുള്ള എ.ഐ സംവിധാനങ്ങള്‍ ആരോഗ്യ രംഗത്തെ പരിശോധനകളില്‍ ഒരു ദിശമാറ്റമാണ് മുന്നോട്ട്‌വെക്കുന്നത്. എഐ അല്‍ഗോരിതം മെഡിക്കല്‍ ഡാറ്റ വിശകലനം ചെയ്യാൻ പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഈ സാങ്കേതികവിദ്യയുടെ സാധ്യത ഹൈടെക് മെഡിക്കല്‍ സൗകര്യങ്ങള്‍ക്കപ്പുറമാണ്. ഉന്നത ചികിത്സാസൗകര്യങ്ങള്‍ ലഭിക്കാത്ത ഗ്രാമപ്രദേശങ്ങളില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍, താരതമ്യേന ചെലവുകുറഞ്ഞ കണ്ടൻസിങ് ലെൻസ്, DIY റെറ്റിനല്‍ ക്യാമറ എന്നിവയടക്കമുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ രോഗനിര്‍ണയം സാധ്യമാകുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രോഗികളുടെ ചിത്രമെടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ രോഗനിര്‍ണയം നടത്താൻ ഇതുവഴി കഴിയും.അത്ര വിദൂരമല്ല ഇക്കാര്യമെന്നാണ് സുന്ദര്‍ പിച്ചൈയുടെ പ്രഖ്യാപനം. അങ്ങനെയെങ്കില്‍ നമ്മുടെ സാമ്ബ്രദായിക രോഗനിര്‍ണയ മാര്‍ഗങ്ങള്‍ മാറിമറയുക തന്നെ ചെയ്യും.

Back to top button
error: