തേക്കടി: കേരളത്തിൽ മഴ പെയ്യാൻ വേണ്ടി തമിഴ്നാട്ടിലെ കര്‍ഷകര്‍ തേക്കടിയിലെത്തി പ്രാര്‍ത്ഥന നടത്തി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറവായതിനാല്‍ തേനിയിലെ നെല്‍കൃഷിക്ക് വെള്ളം കിട്ടാതാകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍ തേക്കടിയിലെത്തി പ്രാർത്ഥന നടത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ 116.15 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 130 അടിക്കു മുകളിലായിരുന്നു ജലനിരപ്പ്.
ജൂണ്‍ മാസത്തോടെ മഴയെത്തുമെന്ന പ്രതീക്ഷയില്‍ കൃഷിക്കാര്‍ ജൂണ്‍ ഒന്ന് മുതല്‍ തന്നെ മുല്ലപ്പെരിയാറില്‍ നിന്നും വെള്ളമെടുത്ത് തുടങ്ങിയിരുന്നു. പക്ഷേ, കാലവര്‍ഷം ചതിച്ചതോടെ തമിഴ്നാട്ടിലെ കര്‍ഷകര്‍ ആശങ്കയിലായി. ഇതിനെത്തുടര്‍ന്നാണ് തേക്കടിയിലെത്തി പ്രാര്‍ത്ഥന ആരംഭിച്ചത്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ തേക്കടിയിലുള്ള ഐബിയിലും മുറ്റത്തെ ക്ഷേത്രത്തിലുമാണ് പ്രാര്‍ത്ഥന നടത്തിയത്.