KeralaNEWS

മഴയൊഴിഞ്ഞ വയലുകളിൽ ഞാറ്റുവേലയ്ക്ക് തുടക്കം

കാർഷിക മേഖലയുടെ വരദാനമായാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്. അതിൽ തന്നെ പ്രമുഖനാണ് “തിരുവാതിര ഞാറ്റുവേല”.
ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവിനെയും കാർഷിക വിളകളുടെ വളർച്ചയെയും കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകൾ കുറിച്ചുട്ടുള്ളത്. ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന് അടുത്താണോ നിൽക്കുന്നത് അതാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്.
കൊമ്പൊടിച്ചു കുത്തിയാലും കിളിര്‍ക്കും എന്നാണ് തിരുവാതിര ഞാറ്റുവേലയെ കുറിച്ചുള്ള പഴമൊഴി. മലയാള മാസമായ മിഥുനം ഏഴിനാണ് തിരുവാതിര ഞാറ്റുവേല. സാധാരണ തിരിമുറിയാത്ത മഴയെന്നാണ് തിരുവാതിര ഞാറ്റുവേലയെകുറിച്ച് പറയുക. ഫലവൃക്ഷത്തൈകളും ചെടികളും നടാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നാണ് കര്‍ഷകര്‍ ഇതേ കുറിച്ച് പറയുന്നത്. ഒരാഴ്ച വെയിലും ഒരാഴ്ച മഴയുമാണ് ഞാറ്റുവേലയിലെ പ്രത്യേകത.  രണ്ടാഴ്ചത്തോളം ആണ് ഞാറ്റുവേല നീണ്ടുനിൽക്കുക.ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല ജൂൺ 22ന് ആരംഭിച്ചു.
27 നക്ഷത്രങ്ങള്‍ക്ക് 27 ഞാറ്റുവേലകളുണ്ട്. ഇതില്‍ 10 എണ്ണം നന്നായി മഴ ലഭിക്കുന്നവയാണ്. എല്ലാ ഞാറ്റുവേലകളുടെയും ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്. ഇതില്‍ ഒരാഴ്ച മഴ കിട്ടുമെന്നാണ് കര്‍ഷകരുടെ വിശ്വാസം.
കുരുമുളകിന്റെ പരാഗണം ഈ സമയത്താണ്. ഇതാണ് മുന്‍പ് സാമൂതിരി രാജാവ് പറഞ്ഞത്. വൈദേശികര്‍ നമ്മുടെ കുരുമുളക് കൊണ്ടുപോയാലും തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ കഴിയില്ലല്ലോ എന്ന്.!
മുൻകാലങ്ങളിൽ തിരുവാതിര ഞാറ്റുവേലയ്ക്ക് വേണ്ടി ഒരുപാട് ഒരുക്കങ്ങൾ നടക്കും. കൃഷിക്ക് വേണ്ട നടീൽ വസ്തുക്കൾ എല്ലാം നേരത്തെ തയ്യാറാക്കി വെക്കും. ഇടവ മാസത്തിലെ കനത്ത മഴയും അതിനെ തുടർന്ന് ഉയർന്ന പ്രദേശങ്ങളിൽ നിന്ന് എക്കൽ മണ്ണ് ഒലിച്ച് കൃഷിയിടങ്ങളിൽ വന്ന് അടിയുന്നു. ഈ ഫലപുഷ്ടമായ മണ്ണാണ് അന്നത്തെ കൃഷിയുടെ ഏറ്റവും വലിയ വളം.
എന്നാൽ മലയാളിയുടെ കൃഷിയും കൃഷി രീതികളും മാറി, ഒപ്പം കാലാവസ്ഥയും, ഏത് സമയത്തും ഏത് വിളയും നടാമെന്നും വിളവെടുക്കാമെന്നുള്ള സ്ഥിതി വിശേഷം സംജാതമായി.  എങ്കിലും തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ മഴ ലഭിക്കാത്തത് കർഷകരെ ആശങ്കയിൽ ആക്കുന്നുമുണ്ട്.
ബിപർജോയ് ചുഴലിക്കാറ്റിന് കാരണമായ ന്യൂനമർദം കേരളത്തിൽ കാലവർഷക്കാറ്റിനെ എത്തിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ മഴയെ ദുർബലമാക്കി. തിങ്കളാഴ്ച മുതൽ വീണ്ടും കേരളത്തിൽ  മഴ പതിയെ സജീവമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Back to top button
error: