CrimeNEWS

കേരളത്തിലേക്ക് തോക്ക് കടത്തി; ടിപി കേസ് പ്രതി കര്‍ണാടക പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ടി.കെ. രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം വൈകിട്ട് ബംഗളൂരുവില്‍നിന്നെത്തിയ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടപടിക്രമങ്ങള്‍ അരമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി നാലരയോടെ രജീഷുമായി കര്‍ണാടകയിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ തോക്കുമായി അറസ്റ്റിലായ രണ്ടു പേരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രജീഷിനെ കസ്റ്റഡിയിലെടുത്തത്.

കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നത് ടി.കെ. രജീഷ് ആവശ്യപ്പെട്ടതനുസരിച്ചാണെന്നാണ് പിടിയിലായവര്‍ മൊഴിനല്‍കിയത്. തോക്ക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചോദ്യംചെയ്യുന്നതിനാണ് കോടതി ഉത്തരവുമായി കര്‍ണാടക പോലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. അതീവരഹസ്യമായിട്ടാണ് രജീഷിനെ കര്‍ണാടകയിലേക്ക് കൊണ്ടുപോയത്.

Signature-ad

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട് മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍ രഹസ്യമായി താമസിക്കുന്നതിനിടയിലാണ് പ്രത്യേക അന്വേഷണസംഘം രജീഷിനെ പിടിച്ചത്. കണ്ണൂര്‍ പൊന്ന്യം സ്വദേശിയായ ഇയാള്‍ ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചുവരുകയാണ്. 12 പ്രതികളുള്ള കേസില്‍ നാലാം പ്രതിയാണ്. ഇതില്‍ പി.കെ. കുഞ്ഞനന്തനും അശോകനും മരിച്ചതോടെ 10 പ്രതികളാണുള്ളത്.

അതേസമയം, ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ടി.പി. വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. രേഖകളില്ലാതെ സ്വര്‍ണം വാങ്ങാന്‍ വിസമ്മതിച്ചയാളെ ഫോണില്‍ ഭീഷണിപ്പെടുത്തിയതിന് 2018-ല്‍ പരോളിലിറങ്ങിയ കൊടി സുനിക്കെതിരേ കേസെടുത്തിരുന്നു. കിര്‍മാണി മനോജിനെ വയനാട്ടിലെ ലഹരിപാര്‍ട്ടിയില്‍വെച്ച് പോലീസ് അറസ്റ്റുചെയ്ത സംഭവവുമുണ്ടായി.

 

Back to top button
error: