കൊച്ചി: മാരകായുധം ഉപയോഗിച്ച് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പിടിയിൽ. ആലുവ ഗ്യാരേജ് പൊയ്യക്കര ഹൗസിൽ ഷമീർ (22), തമ്മനം നഹാസ് (25), ആലുവ ലാറ റെസിഡൻസി പുത്തൻവീട്ടിൽ അജാസ് (27) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
കലൂർ സ്റ്റേഡിയത്തിന് സമീപത്തെ റോഡിലാണ് മൂവരും മാരകായുധം ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാറിൽ എത്തിയ മൂവരും അക്രമാസക്തരാകുകയും അതുവഴി പോയ യാത്രക്കാരെ ഭീഷണിപ്പെടുത്തി കൈയിൽ കരുതിയിരുന്ന വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു.
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പാലാരിവട്ടം പൊലീസ് ഇൻസ്പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് മൂവരെയും പിടികൂടിയത്. പിടിയിലായ ഷമീർ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ് എന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.