തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ് പങ്കുവെച്ച് ചോദ്യങ്ങളുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടുവെന്ന മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ വാർത്ത പങ്കുവെച്ചാണ് യെച്ചൂരി പ്രതികരിച്ചത്.
മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ദുരുപയോഗം ചെയ്യുകയും തെറ്റായ കാരണം പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നുവെന്നാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്. ഇതുകൊണ്ടൊന്നും സത്യത്തെ മൂടിവയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്. ആ ട്വീറ്റ് പങ്കുവെച്ച് ഇതൊക്കെ സഖാവ് പിണറായിക്കും സർക്കാരിനും ബാധകമാണോ എന്നാണ് സതീശൻ ചോദിച്ചത്.
Mr.Yachuri, is this applicable to Com.Pinarayi and his government too?#CPMterror#FreedomOfPress https://t.co/79tmsKnBAO
— V D Satheesan (@vdsatheesan) June 13, 2023
അതേസമയം, സംസ്ഥാന സർക്കാരിന് അധികാരത്തിന്റെ ധാർഷ്ട്യമാണെന്ന് വി ഡി സതീശൻ ഇന്ന് പറഞ്ഞിരുന്നു. എന്തും ചെയ്യാമെന്ന അഹന്തയാണ്. എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്. ഇതൊന്നും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡൻറിനെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസാണ്. കേരളത്തിലെ പൊലീസ് കുറ്റവാളികൾക്ക് കുടപിടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
സ്വന്തം ഓഫീസ് സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിന് തട്ടിപ്പ് നടത്താൻ വിട്ടുകൊടുത്തയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയിലാണ് ഉള്ളത്. ഇതിൽ നിന്ന് ഫോക്കസ് മാറ്റാൻ ശ്രമമാണ് കെ സുധാകരനെതിരെ രജിസ്റ്റർ ചെയ്ത കേസെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്വർണ്ണക്കടത്ത് കേസിൽ അകത്ത് പോകേണ്ടയാളാണ്. അതിൽ നിന്ന് അദ്ദേഹത്തെ രക്ഷിച്ചത് കേന്ദ്ര സർക്കാരാണ്. സ്വന്തക്കാരെ സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാരെന്നും സതീശൻ പറഞ്ഞു.