ഡല്‍ഹി: വിമാനത്താവളത്തില്‍ വച്ച് അമ്മയ്ക്ക് ഫോണ്‍ ചെയ്യുന്നതിനിടെ യുവാവ് ‘ബോംബ്’ എന്ന് പറഞ്ഞത് പുലിവാലായി.പിന്നീട് രണ്ടു മണിക്കൂര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങൾ.
ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈൻസ് വിമാനം ഇതേത്തുടർന്ന് രണ്ട് മണിക്കൂറോളം വൈകുകയും ചെയ്തു.ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.
ദുബൈയിലേക്ക് പോകാനായി ഡല്‍ഹി – മുംബൈ കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാനിരുന്ന യുവാവ് ഫോണില്‍ ബോംബെന്ന് പറയുന്നത് തൊട്ടടുത്തിരുന്ന ഒരു സ്ത്രീ കേട്ടതാണ് പ്രശ്‌നമായത്. വിമാനം കാത്തിരുന്ന യുവാവ് വിമാനത്താവളത്തില്‍ വച്ച് നാട്ടിലുള്ള തന്‍റെ അമ്മയെ ഫോണ്‍ ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നാട്ടില്‍ നിന്ന് കൊണ്ടുവന്ന തേങ്ങയുടെ കാര്യം അമ്മയോട് പറയുകയായിരുന്നു യുവാവ്. തന്നുവിട്ട തേങ്ങ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ബോംബായിട്ടാണ് കണ്ടതെന്ന് തോന്നുന്നുവെന്നും തന്നെക്കൊണ്ട് അത് മാറ്റിച്ചുവെന്നും യുവാവ് അമ്മയോട് പറഞ്ഞു.
യുവാവിന്‍റെ അടുത്തിരുന്ന യാത്രക്കാരി ബോംബ് എന്ന സംഭാഷണം കേട്ട് പരിഭ്രാന്തയാകുകയും അലറിക്കൊണ്ട് എഴുന്നേറ്റ് ഓടുകയുമായിരുന്നു.ബഹളം കേട്ട് ഉടന് തന്നെ ഉദ്യോഗസ്ഥരെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ലഗേജുകളും മറ്റും പരിശോധിക്കുകയും ചെയ്തു.ഏറെ നേരത്തെ പരിശോധനക്കിടയിലാണ് ബോംബ് ഇല്ലെന്ന് അധികൃതര്‍ കണ്ടെത്തിയത്. അപ്പോഴേക്കും വിമാനം പുറപ്പെടാന്‍ രണ്ടു മണിക്കൂറോളം വൈകിയിരുന്നു.പിന്നീട് യുവാവ് വിശദീകരിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്കും കാര്യം മനസ്സിലായത്.