മാനന്തവാടി: തെരുവനായ്ക്കളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസ ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ പുള്ളിമാൻ ചത്തു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് പ്രാണരക്ഷാർഥമാണ് മാൻ പേരിയ മുപ്പത്തിയാറിലെ മദ്രസയിൽ ഓടിക്കയറിയത്.
വനമേഖലയിൽ നിന്ന് മുന്നൂറ് മീറ്റർ മാത്രം അകലെയാണ് പേരിയ മുപ്പത്തിയാറിലെ ഖുവ്വത്തുൽ ഇസ്ലാം സെക്കൻഡറി മദ്രസ സ്ഥിതി ചെയ്യുന്നത്. കാടിന് വെളിയിലെത്തിയ മാനിനെ തെരുവ്‌നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മദ്രസയിലേക്ക് എത്തിയ മാൻ താഴെ വീഴുകയും മിനിറ്റുകൾക്കുള്ളിൽ ചാവുകയും ചെയ്തു.
അഞ്ച് വയസ്സ് പ്രായമുള്ള പുള്ളിമാനാണ് ചത്തത്. പേര്യ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ.വി.ആനന്ദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അരുൺ, വികാസ്, സുനിൽ എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. കാട്ടിമൂല വെറ്ററിനറി ഡോക്ടർ ഫായിസ് മുഹമ്മദ് പോസ്റ്റ്മോർട്ടം നടത്തി.