പ്രളയബാധിതര്‍ക്കായി വിദേശത്തു പോയി പണം പിരിക്കാൻ വി ഡി സതീശന് അനുവാദം കൊടുത്തിട്ടില്ലെന്ന് വിദേശ മന്ത്രാലയം 2020 ഒക്ടോബര്‍ 21ന് ജയ്സണ്‍ പാനിക്കുളങ്ങരയ്ക്ക് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയിട്ടുണ്ട്. കേരളത്തിലെ പ്രളയബാധിതര്‍ക്കായി നിങ്ങള്‍ 500 പൗണ്ട് വീതം സംഭാവന നല്‍കണമെന്ന് ബര്‍മിങ്ഹാമില്‍ പ്രസംഗിക്കുന്ന വീഡിയോ സതീശൻ തന്നെ ഫെയ്സ്ബുക്കില്‍ ഇട്ടിരുന്നു. യാത്ര വിവാദമായപ്പോള്‍ പണം പിരിച്ച കാര്യം വാര്‍ത്താസമ്മേളനത്തില്‍ സമ്മതിക്കുകയും ചെയ്തു.
പ്രളയബാധിതരെ സഹായിക്കാനായി ആരും വിദേശത്തു പോയി പണം പിരിക്കേണ്ട എന്ന് കേന്ദ്ര സര്‍ക്കാർ പ്രഖ്യാപിച്ചിരുന്നു.ഒട്ടേറെ വാഗ്ദാനം ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ പോയതുമില്ല.പ്രവാസികള്‍ അറിഞ്ഞു നല്കിയ സഹായമാണ് സ്വീകരിച്ചത്. എന്നാല്‍, വി ഡി സതീശൻ ഇതെല്ലാം മറികടന്ന് വിദേശത്തു പോയി പണം ആവശ്യപ്പെടുകയായിരുന്നു.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവയ്ക്കാനെന്നപേരില്‍ സ്വന്തം പദ്ധതി പ്രഖ്യാപിക്കുക. അനുമതിയില്ലാതെ വിദേശപര്യടനം നടത്തി പണം സ്വരൂപിക്കുക. പദ്ധതിയില്‍ വീട് നിര്‍മിക്കാതെ, സന്നദ്ധസംഘടനകള്‍ സ്പോണ്സര് ചെയ്ത് നിര്‍മിച്ച വീടുകള്‍ക്കുമുന്നില്‍ പദ്ധതിയുടെ ബോര്‍ഡ് വയ്ക്കുക തുടങ്ങിയവയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ സ്വന്തം മണ്ഡലമായ പറവൂരില്‍ പ്രഖ്യാപിച്ച പുനര്‍ജനി പദ്ധതിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന പരാതികൾ.