തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസമാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്കാണ് പെൻഷൻ ലഭിക്കുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
അതിനിടെ കടമെടുപ്പ് അനുമതി വൈകിപ്പിച്ചും ഗ്രാൻറ് വെട്ടിച്ചുരുക്കിയുമുള്ള കേന്ദ്ര കടുംപിടുത്തങ്ങൾ കാരണം സാമൂഹ്യ ക്ഷേമ പെൻഷൻ ഘടനയിൽ മാറ്റം വരുത്താനുള്ള നീക്കം സംസ്ഥാന സർക്കാർ നടത്തുന്നതായുള്ള വിവരം പുറത്ത് വരുന്നുണ്ട്. ക്ഷേമ പെൻഷൻ മൂന്ന് മാസത്തിലൊരിക്കലാക്കുന്നത് അടക്കം ബദൽ നിർദ്ദേശങ്ങളാണ് ധനവകുപ്പിന്റെ സജീവ പരിഗണനയിലുള്ളത്.