Fiction

അദ്ധ്വാനവും ആത്മവിശ്വാസവും ഒപ്പം പുതിയകാല സാങ്കേതികവിദ്യയും ഉൾക്കൊണ്ട് മുന്നേറുക, വിജയം കൂടെയുണ്ട്

വെളിച്ചം

  ബെഞ്ചമിന്‍ വാര്‍ണര്‍ എന്ന ചെരുപ്പുകുത്തി കഠിനാധ്വാനിയായിരുന്നു. പട്ടിണികൂടാതെ കഴിഞ്ഞുകൂടാന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അയാള്‍ അധ്വാനിക്കും. 1800 കളുടെ അവസാനകാലത്ത് പോളണ്ടില്‍ നിന്നും കാനഡയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും കുടിയേറിയവരാണ് ബെഞ്ചമിനും കുടുംബവും. അയാള്‍ക്ക് നാല് ആണ്‍മക്കളായിരുന്നു. ഹാരി, ആല്‍ബര്‍ട്ട്, സാം, ജാക്ക്.

Signature-ad

മക്കളും അച്ഛനെ തങ്ങളാലാവും വിധം സഹായിക്കുമായിരുന്നു. ഒരിക്കല്‍ മൂത്തമകന്‍ ഹാരിക്ക് ഒരാശയം തോന്നി. ഒരു സിനിമാ പ്രദര്‍ശനശാല തുടങ്ങുക. ശബ്ദങ്ങളില്ലാതെ ദൃശ്യങ്ങള്‍ മാത്രമുള്ളതായിരുന്നു അക്കാലത്തെ സിനിമ. അങ്ങനെ ഹാരിയും സഹോദരന്മാരും ഒരു പ്രൊജക്ടര്‍ വാടകയ്‌ക്കെടുത്ത് സിനിമാ പ്രദര്‍ശനം തുടങ്ങി. പലയിടങ്ങളിലായി സഞ്ചരിച്ചാണ് അവര്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതില്‍ നിന്നും ലഭിച്ച പണം സ്വരുക്കൂട്ടിവെച്ച് 1903 ല്‍ പെന്‍സില്‍വേനിയയില്‍ കാസ്‌കോഡ് എന്നൊരു തിയേറ്റര്‍ തുടങ്ങി. ഈ തിയേറ്റര്‍ നല്ല രീതിയില്‍ മുന്നോട്ട് പോയി. വാര്‍ണര്‍ സഹോദരന്മാര്‍ സിനിമയില്‍ കൂടുതല്‍ സജീവമായി.

‘ദ ഗ്രേറ്റ് ട്രെയിന്‍ റോബറി’ എന്ന സിനിമ അവര്‍ നിര്‍മ്മിച്ചു. ഈ കൊച്ചുസിനിമ വലിയ ഹിറ്റായി. ശബ്ദമുള്ള സിനിമകള്‍ പ്രചാരത്തില്‍ വന്നതോടെ അതിലും അവര്‍ വെന്നിക്കൊടി പാറിച്ചു. 1923 ല്‍ അവര്‍ ‘വാര്‍ണര്‍ ബ്രദേഴ്‌സ് ഇന്‍കോര്‍പറേറ്റ്ഡ് ‘ എന്ന കമ്പനി രൂപീകരിച്ചു. അങ്ങനെ പില്‍ക്കാലത്ത് ടൈം ഇന്‍കോര്‍പറേഷന്‍ കമ്പനിയുമായി ചേര്‍ന്ന് വാര്‍ണര്‍ സഹോദരന്മാര്‍ ‘ടൈം വാര്‍ണര്‍ ഇന്‍കോര്‍പറേഷന്‍’ എന്ന വലിയ കമ്പനിയായി മാറുകയും ചെയ്തു. കാലനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഇവര്‍ മുന്നേറി. അങ്ങനെ സിനിമാലോകത്ത് ഒരു സുവര്‍ണ്ണഅധ്യായം തന്നെ വാര്‍ണര്‍ ബ്രദേഴ്‌സ് എഴുതിചേര്‍ത്തു. വളരെ ഏളിയ നിലയിൽ നിന്ന് തുടങ്ങിയ സംരംഭം സിനിമയുടെ ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന നാമമായി മാറി.
മാറുന്ന കാലത്തിനനുസരിച്ച് മാറുന്ന സാങ്കേതികവിദ്യകളിലൂന്നി മുന്നോട്ട് പോകുക. കാരണം മാറ്റം കാലത്തിന്റെ അനിവാര്യതയാണ്. അത് തിരിച്ചറിഞ്ഞാൽ വിജയം ഒപ്പമുണ്ടാകും.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: