NEWS

ശിവശങ്കർ ഐ എ എസ് വേട്ടയാടപ്പെടുമ്പോൾ

ശിവശങ്കർ ഐ എ എസ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പരിചയപ്പെടുമ്പോൾ അവർ യു എ ഇ കോൺസുലേറ്റിൽ ജീവനക്കാരി ആയിരുന്നു .പിന്നീട് സൗഹൃദത്തിലുമായി .ഒരു ആൺ -പെൺ സൗഹൃദത്തിൽ എന്ത് പ്രശ്നം ? സ്വപ്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായി .സ്വർണക്കടത്ത് കേസിലെ പ്രതിയുമായുള്ള സൗഹൃദം ശിവശങ്കറിനെ സസ്‍പെൻഷനിലുമാക്കി .അത് മാത്രമല്ല അന്വേഷണ ഏജൻസികളുടെ നിരന്തരമുള്ള ചോദ്യം ചെയ്യലുകൾക്കും ശിവശങ്കർ വിധേയനായി .

Signature-ad

തന്റെ കരിയറിൽ മികച്ച ട്രാക്ക് റെക്കോർഡ് ആണ് ശിവശങ്കറിന്‌ ഉള്ളത് .ഒരു തരത്തിലുള്ള ആരോപണവും അദ്ദേഹത്തിനെതിരെ സ്വപ്ന സുരേഷിന്റെ വരവ് വരെ ഉണ്ടായിരുന്നില്ല .എന്നാലിപ്പോൾ നിരന്തര വേട്ടക്ക് ഇരയാകുകയാണ് ഈ ഐ എ എസ് ഉദ്യോഗസ്ഥൻ .

എന്താണ് ശിവശങ്കർ ചെയ്ത കുറ്റം?മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയിരുന്നു എന്നത് തന്നെ .അന്വേഷണം ഏതു വിധേനയും ഭരണകക്ഷിയിലേക്ക് എത്തിക്കണം എന്നത് പ്രതിപക്ഷ കക്ഷികളുടെ ആവശ്യമാണ് .ഭരണപക്ഷത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ചോദ്യം ചെയ്യപ്പെടണം .എന്നാൽ ഇവിടെ ഒരു വ്യക്തി അതിനുവേണ്ടി നിരന്തരം വേട്ടയാടപ്പെടുന്നു .

കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തു .സ്വര്ണക്കടത്തിൽ സ്വപ്നയെ സഹായിച്ചുവോ എന്നാണ് അവർക്ക് അറിയാനുണ്ടായിരുന്നത് .എന്നാൽ നയതന്ത്ര ബാഗേജിലെ സ്വർണം വിട്ടുകിട്ടാൻ ഒരു ശുപാർശ പോലും ശിവശങ്കർ നടത്തിയില്ല എന്നവർക്ക് ബോധ്യമായി .എൻ ഐ എ ചോദ്യം ചെയ്തു. കടത്തുന്ന സ്വർണം തീവ്രവാദത്തിനു ഉപയോഗിക്കുന്നുണ്ട് എന്നത് ശിവശങ്കറിന്‌ അറിയുമോ എന്നതായിരുന്നു അവരുടെ അന്വേഷണം .ആ നിലക്കും ശിവശങ്കറിനെ ബന്ധിപ്പിക്കാൻ തെളിവുകൾ പ്രത്യക്ഷത്തിൽ ഒന്നുമില്ലാതെ പോയി .

ഇപ്പോൾ എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റിന്റെ ഊഴമാണ് .രണ്ടു തവണ മണിക്കൂറുകളോളം ഇ ഡി ശിവശങ്കറിനെ ചോദ്യം ചെയ്തു .ഹവാല ഇടപാടിൽ ശിവശങ്കറിന്‌ ബന്ധം ഉണ്ടോ എന്നായിരുന്നു അവരുടെ അന്വേഷണം .എന്നാൽ ഇതുവരെ അത്തരത്തിലൊരു ബന്ധത്തിന് കണ്ണി ചേർക്കാൻ തെളിവില്ല എന്ന ബോധ്യത്തിലാണ് ഇ ഡി ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ചത് .

പിന്നെന്ത് കൊണ്ടാണ് ശിവശങ്കർ മാധ്യമ വിചാരണയുടെ ഇരയാകുന്നത് .അത് മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയിരുന്നു എന്നത് കൊണ്ടാണ് .ശിവശങ്കർ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം .മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി ദുരുപയോഗം ചെയ്തെങ്കിൽ ഗുരുതരമായ കുറ്റവുമാണ് .സ്വര്ണക്കള്ളക്കടത്തിലും തീവ്രവാദ ഫണ്ടിങ്ങിലും വ്യാപൃതനായെങ്കിൽ രാജ്യദ്രോഹവുമാണ് .എന്നാൽ ഇതൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല .എന്തെങ്കിലും തെളിവുണ്ടെങ്കിൽ ദേശീയ ഏജൻസികൾ ഈ മനുഷ്യനെ എന്നേ അറസ്റ്റ് ചെയ്തേനെ.

ഇനിയും ശിവശങ്കറിനെ ചോദ്യം ചെയ്യും എന്നാണ് ഇപ്പോൾ മാധ്യമങ്ങൾ പറയുന്നത് .പക്ഷെ ഇതുവരെയുള്ള ചോദ്യം ചെയ്യലിൽ നിന്ന് കിട്ടാത്ത എന്താണ് ഇനിയുള്ള ചോദ്യം ചെയ്യലിൽ നിന്ന് കിട്ടുക .ഇനി പുതിയ തെളിവുകൾ ഉണ്ടായാൽ മാത്രമേ പുതിയൊരു ചോദ്യം ചെയ്യലിന് പ്രസക്തിയുള്ളൂ .തെളിവുകൾ ഒന്നും ഉണ്ടാകാതിരിക്കുകയും ശിവശങ്കർ കുറ്റവിമുക്തനാകുകയും ചെയ്താൽ മാധ്യമ – ജനകീയ വിചാരണയുടെ ഫലം എന്താകും .മറ്റൊരു നമ്പി നാരായണൻ ശിവശങ്കറിലൂടെ പുനർ ജനിക്കുമോ ?

Back to top button
error: