BusinessTRENDING

ആമസോണിൽനിന്നും ഷോപ്പിംഗ് നടത്തുമ്പോൾ ഇനി ചിലവേറും; കാരണം ഇതാണ്…

ദില്ലി: പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിൽ നിന്നും ഷോപ്പിംഗ് നടത്തുമ്പോൾ ഇനി കൂടുതൽ പണം നൽകേണ്ടി വരും. മെയ് 31 മുതൽ ആയിരിക്കും ആമസോൺ വഴിയുള്ള ഷോപ്പിങ്ങിന് ചെലവേറുക. കമ്പനി അതിന്റെ വിൽപ്പന ഫീസും കമ്മീഷൻ ചാർജുകളും പരിഷ്കരിക്കുന്നതാണ് ഇതിന്റെ കാരണം. മാത്രമല്ല, ഉത്പന്നങ്ങളുടെ റിട്ടേണുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫീസും പ്ലാറ്റ്ഫോം വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഇ-കൊമേഴ്‌സ് ബിസിനസുകൾ സാധാരണയായി തങ്ങളുടെ പ്ലാറ്റഫോമിലൂടെ വില്പന നടത്തുന്ന കച്ചവടക്കാരിൽ നിന്നും കമ്മീഷനുകളും മറ്റ് ഫീസുകളും ഈടാക്കുന്നുണ്ട്. ഇതിലൂടെയാണ് വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്നതും. ഇ-കൊമേഴ്‌സ് സൈറ്റ് ഫീസുകൾ ഉയർത്തുന്നതോടുകൂടി വില്പനക്കാർക്ക് തങ്ങളുടെ ഉത്പന്നങ്ങളുടെ വില ഉയർത്തേണ്ടതായി വരും.

Signature-ad

വസ്ത്രങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിൽ കമ്പനി വിൽപ്പനക്കാരുടെ വില ഫീസ് ഉയർത്തുമെന്നാണ് സൂചന. വിപണിയിലെ മാറ്റങ്ങളും വിവിധ സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ചിലതിന് നിരക്ക് കുറയ്ക്കുകയും ചില നിരക്കുകൾ ഉയർത്തുകയും മാത്രമല്ല ചില പുതിയ വിഭാഗം നിർമ്മിക്കുകയും ചെയ്തതായി കമ്പനി വ്യക്തമാക്കി.

മരുന്നിന്റെ വിഭാഗത്തിൽ 500 രൂപയോ അതിൽ താഴെയോ വിലയുള്ള ഉൽപ്പന്നങ്ങൾക്ക് വിൽപ്പനക്കാരന്റെ ഫീസ് 5.5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി വർദ്ധിക്കുമെന്ന് റിപ്പോർട്ടുണ്ട്. അതേസമയം 500 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് വിൽപ്പനക്കാരന്റെ ഫീസ് 15 ശതമാനം ഈടാക്കിയേക്കും. വസ്ത്രങ്ങളുടെ വിഭാഗത്തിൽ, 1,000 രൂപയ്ക്ക് മുകളിലുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പന ഫീസ് നിലവിലെ 19 ശതമാനത്തിൽ നിന്ന് 22.50 ശതമാനമായി ഉയർത്തുമെന്ന് റിപ്പോർട്ട് പറയുന്നു.

ഇതിനുപുറമെ, സൗന്ദര്യ വർധക ഉത്പന്നങ്ങളുടെ വിഭാഗത്തിൽ, 300 രൂപയിൽ താഴെയുള്ള ഉൽപ്പന്നങ്ങളുടെ കമ്മീഷൻ 8.5 ശതമാനമായി ഉയർത്തും. മാത്രമല്ല, ഉൽപ്പന്നങ്ങളുടെ ഡെലിവറി ചാർജും കമ്പനി 20-23 ശതമാനം വർധിപ്പിച്ചിട്ടുണ്ട്.

Back to top button
error: