CrimeNEWS

താനൂരിൽ ബോട്ട് ദുരന്തം: 22 പേർ മരിച്ച സംഭവത്തിൽ ഒരു ബോട്ട് ജീവനക്കാരൻ കൂടി പിടിയിൽ

മലപ്പുറം: താനൂരിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി 15 കുട്ടികളുൾപ്പെടെ 22 പേർ മരിച്ച സംഭവത്തിൽ ഒരു ബോട്ട് ജീവനക്കാരൻ കൂടി പൊലീസിന്‍റെ പിടിയിലായി. താനൂർ സ്വദേശി വടക്കയിൽ സവാദ് ആണ് പിടിയിലായത്. അതിനിടെ, കേസിൽ അന്വേഷണ സംഘം ബേപ്പൂർ പോർട്ട് ഓഫീസിൽ പരിശോധനകൾ നടത്തി. അപകടത്തിൽപ്പെട്ട അറ്റ്‌ലാന്‍റിക് ബോട്ടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുത്തു. ആവശ്യമെങ്കിൽ നേരിട്ട് ഹാജരാകാൻ ഉദ്യോഗസ്ഥർക്ക് പൊലീസ് നിർദേശം നൽകി. ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് വികെ മോഹനൻ അപകട സ്ഥലവും ബോട്ടും പരിശോധിച്ചു. അനൗദ്യോഗിക സന്ദർശനം ആണെന്നും കമ്മീഷൻ അംഗങ്ങൾ ഉടൻ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ രംഗത്തെത്തി. താനൂരിൽ അപകടത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി. അപകടത്തിന് ഇടയാക്കിയ ബോട്ടിലെ സഹായികളായ മൂന്ന് പേരെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. അപ്പു, അനിൽ, ബിലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Back to top button
error: