ചീഫ് അഡ്മിനിട്രേറ്റീവ് ഓഫിസർ (ചീഫ് എന്‍ജിനീയര്‍ സൗത്ത്) വരുന്ന ജൂണ്‍ മാസം വിരമിക്കുകയാണ്. ഇതിനിടെ ചീഫ് എന്‍ജിനീയറെ (നോര്‍ത്ത്) ചെന്നൈ നിര്‍മ്മാണ വിഭാഗം ഓഫീസിലേക്ക് മാറ്റുന്നതോടെ കേരളത്തിലെ റെയില്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗത കുറയുമെന്നാണ് കരുതപ്പെടുന്നത്. പാതകളിലെ വേഗം കൂട്ടുന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിക്കാനിരിക്കെയാണ് ഇത്. പ്രധാന ഉദ്യോഗസ്ഥര്‍ ഇല്ലാത്ത അവസ്ഥ കേരളത്തിലെ പദ്ധതികളെ ദോഷകരമായി ബാധിക്കും.
ചെന്നൈയിലെ നിര്‍മാണ വിഭാഗം ഓഫിസില്‍ 6 ചീഫ് എന്‍ജിനീയര്‍മാരുടെ തസ്തിക നിലവിലുള്ളപ്പോഴാണ് കേരളത്തിന്റെ തസ്തികകൂടി അവിടേക്കു മാറ്റുന്നത്. 6 ചീഫ് എന്‍ജിനീയര്‍മാര്‍ക്കുള്ള പണി തന്നെ തമിഴ്നാട്ടില്‍ ഇല്ലെന്നാണ് ആരോപണം. ഇക്കഴിഞ്ഞ രണ്ടിനാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.
എറണാകുളം മുതല്‍ മംഗളൂരു വരെയുള്ള പണികളാണു ചീഫ് എന്‍ജിനീയര്‍ (നോര്‍ത്ത്) മേല്‍നോട്ടത്തില്‍ നടന്നിരുന്നത്.എറണാകുളം മുതല്‍ തിരുനെല്‍വേലി വരെയുള്ള നിര്‍മാണ ജോലികളാണ് ചീഫ് എന്‍ജീനിയര്‍ (സൗത്ത്) മേല്‍നോട്ടത്തില്‍ ചെയ്യുന്നത്.
എറണാകുളം-തുറവൂര്‍, തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍, നേമം ടെര്‍മിനല്‍ നിര്‍മാണം,എറണാകുളം-ഷൊര്‍ണൂര്‍ മൂന്നും നാലും പാത, കൊല്ലം, തിരുവനന്തപുരം, വര്‍ക്കല, എറണാകുളം, തൃശൂര്‍, കോഴിക്കോട് സ്റ്റേഷന്‍ നവീകരണ പദ്ധതികള്‍ തുടങ്ങിയ പദ്ധതികള്‍ കേരളത്തിലുണ്ടെന്നിരിക്കെ ഉദ്യോഗസ്ഥരെ കുറയ്ക്കുന്നതു പ്രതിസന്ധി സൃഷ്ടിക്കും.