Movie

മലയാളിക്ക് ഉറക്കമില്ലാരാവുകൾ സമ്മാനിച്ച പ്രളയദുരന്തത്തിന്റെ വൈകാരിക ചലച്ചിത്രാവിഷ്ക്കാരം, പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമാനുഭവം- 2018

ജിതേഷ് മംഗലത്ത്

‘ഓരോരുത്തരും നായകരാണ്’ എന്ന ടാഗ് ലൈനിനോട് അങ്ങേയറ്റം നീതി പുലർത്തിയ മറ്റൊരു മലയാളസിനിമ ഈയടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ല. ഒരു സർവൈവൽ ത്രില്ലറിന്റെ ടെംപ്ലേറ്റ് പിന്തുടരുമ്പോഴും, ഫിലിമിന്റെ ടോൺ സെറ്റ് ചെയ്യുന്ന ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിൽ മുഴുവൻ കാണുന്നവനെ ഇമോഷണലി ഹുക്ക് ചെയ്യുന്ന ഒന്നാന്തരം സിനിമാറ്റിക് എക്സ്പീരിയൻസാണ് 2018 എന്ന ചിത്രം. ഒരു സർവൈവൽ ത്രില്ലറിനെ സംബന്ധിച്ചിടത്തോളം കാണിക്ക് റീലിൽ നടക്കുന്നതിനോട് വൈകാരികമായി ഒരു കണക്ഷൻ സൃഷ്ടിക്കപ്പെടുക എന്നതാണ് പരമപ്രധാനം.

Signature-ad

2018ലെ വെള്ളപ്പൊക്കത്തോളം മലയാളിയുടെ വൈകാരികതയുമായി ഇത്രമേൽ സമഗ്രമായി കണക്ഷൻ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു സംഭവം സമീപകാലത്തൊന്നുമുണ്ടായിക്കാണില്ല. യൂട്യൂബിലെ ഫൂട്ടേജുകളോ, പത്രങ്ങളുടെ ആർക്കൈവ്ഡ് ന്യൂസ് ഹെഡ്ലൈൻ ബ്ലോക്കുകളോ പോലും മലയാളിയെ ആ ദുരന്തത്തിന്റെ ഓർമ്മകളിലേക്ക് എളുപ്പം കൂട്ടിക്കൊണ്ടുപോകും. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോ മലയാളിയും ആ പ്രളയവുമായി അങ്ങേയറ്റം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

അത്തരമൊരു കംഫർട്ട് ജൂഡ് ആന്തണി ജോസഫിന് ലഭിച്ചിട്ടുണ്ടെങ്കിലും, അങ്ങനെയൊരു ദുരന്തത്തെ -സിനിമാറ്റിക്കലിയാണെങ്കിൽ പോലും- ചിത്രീകരിക്കുന്നതിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചാൽ ചിത്രത്തിന് ലഭിച്ചേക്കാവുന്ന തിരിച്ചടി അതിഭീകരമായിരിക്കും താനും. എന്നാൽ പ്രതീക്ഷകൾക്കു കടകവിരുദ്ധമായി ജൂഡ് തന്റെ എ ഗെയിം പുറത്തെടുക്കുകയാണ് 2018ലൂടെ. ട്വിസ്റ്റുകൾക്ക് യാതൊരു സാധ്യതയുമില്ലാത്ത സ്ക്രിപ്റ്റിനെ സെക്കൻഡ് ഹാഫിൽ ഒരു എഡ്ജ് ഓഫ് എ സീറ്റ് ത്രില്ലറിന്റെ ശൈലിയിലേക്ക് ഉയർത്തുന്നു സംവിധായകൻ. സൗണ്ട് ഡിസൈനിംഗും, പ്രൊഡക്ഷൻ ഡിസൈനിംഗും കൈകോർക്കുമ്പോൾ ലഭിക്കുന്നത് രണ്ടാം പകുതിയുടെ സിംഹഭാഗവും നൽകുന്ന നിലയ്ക്കാത്ത ഗൂസ് ബമ്പ് നിമിഷങ്ങളാണ്.

ജൂഡും, കോ റൈറ്ററായ അഖിൽ.പി ധർമജനും ചേർന്നൊരുക്കിയ സ്ക്രിപ്റ്റ് യഥാർത്ഥ സംഭവപരമ്പരകളിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്നുണ്ട്. തമിഴ്നാട്ടുകാരായ ഒരു കുടുംബത്തിന്റെ സമാന്തരകഥനം സ്ക്രിപ്റ്റിന്റെ ഏറ്റവും ബ്രില്യന്റായ നീക്കമായിരുന്നു. ഒരേ മഴയും,ഒരേ വെള്ളവും എങ്ങനെയാണ് രണ്ടുപേർക്ക് രണ്ടനുഭവങ്ങളാകുന്നതെന്ന് കാണിക്കാൻ അതിനാവുന്നുണ്ട്. ആദ്യപകുതി ഏതാണ്ട് മുഴുവനായും തന്നെ ഉപയോഗിച്ചിരിക്കുന്നത് കാരക്ടർ എസ്റ്റാബ്ലിഷ്മെന്റുകൾക്കാണ്. അതിൽത്തന്നെ ടൊവീനോയുടെ കഥാപാത്രനിർമ്മിതിയും, അതിന്റെ ഡെവലപ്മെൻറൽ ആർക്കും പ്രത്യേകപരാമർശമർഹിക്കുന്നു. ഒളിച്ചോടിയ ഒരു പട്ടാളക്കാരനിൽ നിന്നും സല്യൂട്ടേറ്റു വാങ്ങുന്നയാളിലേക്കുള്ള ആ ആർക്ക് സിനിമാറ്റിക് പൊള്ളത്തരങ്ങളുണ്ടെങ്കിലും വളരെ സുന്ദരമായി വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ടൊവീനോയുടെ ശരീരഭാഷയിലെ ‘ലൈക്കബിളിറ്റി’ ഇവിടെ വിദഗ്ധമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. കൺവിൻസിംഗായ ഒരു തുടക്കവും,വളർച്ചയും, ഒടുക്കവും ലോ-ഹൈ പിച്ചുകളിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു.

ആ ഒരാഴ്ച്ചയിൽ കേരളത്തിനെന്തു സംഭവിച്ചു എന്നുള്ള ഒരു ഡോക്യുമെന്റേഷനല്ല ജുഡ് ശ്രമിക്കുന്നത്. മറിച്ച് നമ്മളോരോരുത്തരുമനുഭവിച്ച ഉറക്കമില്ലാരാവുകളുടെ വൈകാരികസംഘർഷങ്ങളെയാണ് അയാൾ പിന്തുടരുന്നത്. പതുക്കെപ്പതുക്കെ കൊട്ടിക്കയറി ഒടുക്കമതൊരു രുദ്രതാളമാവുന്നുണ്ട്. സുധീഷിന്റെയും,കുടുംബത്തിന്റെയും അതിജീവനരംഗങ്ങളിൽ.വിഷ്വൽ എഫക്ടുകളുടെ പരിമിതികളൊന്നും ആ ഇമോഷണൽ ഹുക്ക്അപ്പിൽ നമ്മുടെ ശ്രദ്ധയിൽ പെടില്ല. രണ്ട് ബോട്ടുകൾ പ്രതീക്ഷിച്ചു വരുന്ന ജില്ലാ കലക്ടർ കാണുന്ന എണ്ണമറ്റ ബോട്ടുകളുടെ ദൃശ്യത്തിലും, സേവ് കേരള മിഷനു വേണ്ടി തടിച്ചു കൂടിയ നൂറുകണക്കിന് ചെറുപ്പക്കാരനെ കാണുന്ന ഉന്നതോദ്യോഗസ്ഥന്റെ ദൃശ്യത്തിലും എന്നു വേണ്ട, രണ്ടാം പകുതിയിലെ മിക്കവാറും ഒരോ നിമിഷവും ഗൂസ്ബംപുകളാൽ സമൃദ്ധമാണ്. അഖിൽ ജോർജിന്റെ ക്യാമറ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ ക്രിസ്പിയാണ്, നമ്മെ ആർദ്രമാക്കുന്നവയുമാണ്.

ആരവങ്ങളുറങ്ങിക്കിടക്കുന്ന മോളിവുഡ് ഇൻഡസ്ട്രിക്ക് അക്ഷരാർത്ഥത്തിൽ പുതുജീവനേകുകയാണ് 2018 എന്ന് സിനിമ കഴിഞ്ഞപ്പോൾ ഹാളിലുയർന്ന കൈയടികൾ സാക്ഷ്യപ്പെടുത്തുന്നു. കാലത്തെ,അതിന്റെ കാളിമയെ,അതിൽ നിന്നും ഒറ്റക്കെട്ടായി പൊരുതിക്കയറിയ ഒരു ജനതയെ അടയാളപ്പെടുത്താൻ ജൂഡിന്റെ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്. അതൊരു ചെറിയ കാര്യമല്ല താനും. തിയേറ്ററിൽ നിന്ന് കാണേണ്ട സിനിമയാണിത്; തിയേറ്ററിൽ നിന്നുതന്നെ!

ഒരു കാര്യം കൂടി; ഇത്തരമൊരു വെടിച്ചില്ല് സാധനം കൈയിലുണ്ടായിട്ടും, പ്രീ റിലീസ് പ്രൊമോഷന് ഈ സിനിമയുമായി ബന്ധപ്പെട്ടവർ കാണിച്ച അലസത അവഗണിക്കാവുന്ന കുറ്റമല്ല.

Back to top button
error: