CrimeNEWS

മലയാലപ്പുഴയിൽ വീണ്ടും ആഭിചാരക്രിയകൾ; മുമ്പ് പോലീസ് പിടിയിലായ ശോഭനയുടെ വീട്ടിൽ പൂജകൾ; പ്രതിഷേധം, വീട് അടിച്ചു തകർത്തു

പത്തനംതിട്ട: മലയാലപ്പുഴയിൽ വീണ്ടും ആഭിചാരക്രിയകൾ. മുമ്പ് പോലീസ് പിടിയിലായ ശോഭനയുടെ വീട്ടിൽ ആണ് പൂജകൾ നടക്കുന്നത്. പൂജകളുടെ പണം നൽകിയില്ലെന്നു ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. മന്ത്രവാദ കേന്ദ്രത്തിലേക്ക് സിപിഎം പ്രതിഷേധം നടത്തി.

മൂന്നുപേരെയാണ് ഇവർ വീട്ടിനുള്ളിൽ പൂട്ടിയിട്ടത്. മൂന്ന് പേരിൽ 7 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. പത്തനാപുരം സ്വദേശികളെ ആണ് പൂട്ടിയിട്ടത്. പത്തനാപുരത്തെ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം ആണ് മന്ത്രവാദ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. തട്ടിപ്പ് കേസിൽ നിന്നും ഒഴിവാക്കാൻ ചില പൂജകളും നടന്നു. ചില സാമ്പത്തിക തർക്കങ്ങൾ ആണ് പൂട്ടിയിടാൻ കാരണം. മന്ത്രവാദ കേന്ദ്രം നടത്തുന്ന ശോഭനയും തട്ടിപ്പ് കേസ് പ്രതി അനീഷും തമ്മിലാണ് സാമ്പത്തിക ഇടപാട്.

Signature-ad

ഇലന്തൂർ നരബലി സമയത്ത് നാട്ടുകാരുടെ പരാതിയെ തുടർന്ന് ശോഭനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആണ് വീണ്ടും പൂജകൾ തുടങ്ങിയത്. പൂട്ടിയിട്ട നിലയിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പോലീസ് എത്തി കൊണ്ട് പോയി. സിപിഎം പ്രവർത്തകർ പൂജകൾ നടക്കുന്ന വീട് അടിച്ചു തകർത്തു. കതക് പൊളിച്ചാണ് സിപിഎം പ്രവർത്തകർ അകത്തു കയറിയത്. കേന്ദ്രം നടത്തുന്ന ശോഭനയും ഉണ്ണികൃഷ്‌ണനും സ്ഥലത്ത് ഉണ്ടായിരുന്നില്ല.

ഇലന്തൂർ നരബലി പുറത്ത് വന്ന സമയത്താണ് ശോഭനക്കെതിരെയും നടപടി വന്നത്. ശോഭനയെ അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേന്ദ്രത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ കിട്ടിയിരുന്നു. നാട്ടുകാരും പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയർന്നത്. ബാധയൊഴിപ്പിക്കാനുള്ള ആഭിചാര ക്രിയയെന്ന പേരിൽ മുന്നിലിരിക്കുന്ന സ്ത്രീയെ ശോഭന വടി കൊണ്ട് അടിക്കുന്നതിൻ്റേയും നെഞ്ചിൽ ചവിട്ടുന്നതിൻ്റേയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു സ്ത്രീയുടെ മുടിക്ക് ശോഭന കുത്തിപ്പിടിച്ച് ചീത്ത പറയുന്നതും വീഡിയോയിലുണ്ട്.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മന്ത്രവാദത്തിലൂടെ ഉന്നമനത്തിലേക്ക് എത്തിക്കും എന്ന രീതിയിലായിരുന്നു ഇവിടുത്തെ പ്രചരണങ്ങൾ. വർഷങ്ങളായി ഈ കേന്ദ്രം പ്രവർത്തിച്ചു വരുന്നുണ്ടായിരുന്നു. പ്രാദേശികവും അല്ലാതെയും ഇവിടേക്ക് കുട്ടികളെ കൊണ്ടുവന്നിരുന്നു. പ്രചരിക്കുന്ന പഴയ ദൃശ്യങ്ങളിൽ മന്ത്രവാദ പൂജ നടത്തുന്നതിനിടെ ഒരു കുട്ടി തളർന്നു വീഴുന്നതും കാണാം. കുട്ടികളുമായി ബന്ധപ്പെട്ട പൂജകളാണ് ഇവിടെ നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Back to top button
error: