ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജോലി എന്തായിരിക്കും? പലർക്കും അത് പലതായിരിക്കും അല്ലേ? എന്നാലും ഇനി പറയാൻ പോവുന്ന ജോലി ഏറെ സന്തോഷം തരുന്ന ഒന്നാണ് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. എന്താണ് എന്നല്ലേ? പാണ്ടകളുടെ നാനിയാവണം. അതായത് പാണ്ടകളെ പരിചരിക്കുന്ന ആളാവണം. ശമ്പളവും ആകർഷകമാണ്. വർഷത്തിൽ 26 ലക്ഷം രൂപയാണ് ശമ്പളമായി കിട്ടുക.
ചൈനയിലാണ് പാണ്ടകളുടെ നാനിയാവുന്നവർക്ക് ഈ ശമ്പളം കിട്ടുന്നത്. വെറുതെ പാണ്ടകൾക്കൊപ്പം കളിച്ചു നടന്നാൽ പോരാ. അവയ്ക്ക് കൃത്യമായി ഭക്ഷണം നൽകണം. അവയുടെ ആരോഗ്യ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. ജീവനുള്ള ഒന്നിനെ പരിചരിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണോ അവയെല്ലാം ഇവിടെയും ശ്രദ്ധിക്കേണ്ടി വരും. ചൈനയിലാണ് സാധാരണയായി പാണ്ടകളെ കണ്ടുവരുന്നത്. ലോകത്തിലെ ഒരുവിധം എല്ലാ മനുഷ്യർക്കും പാണ്ടകളെ ഇഷ്ടവുമാണ്. Fascinating ആണ് ട്വിറ്ററിൽ പാണ്ടാ നാനികളെ ആവശ്യമുണ്ട് എന്ന് എഴുതിയിരിക്കുന്നത്.
അതിവേഗം തന്നെ പോസ്റ്റ് വൈറലായി. നിരവധിപ്പേരാണ് പോസ്റ്റ് ഷെയർ ചെയ്തതും കമന്റുകളുമായി എത്തിയതും. മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ളവരും പോസ്റ്റ് ഷെയർ ചെയ്തു. ഈ ജോലിക്ക് വേണ്ടി സ്വന്തം നാട് വിട്ട് ചൈനയിൽ പോയി നിൽക്കാനും തയ്യാറാണ് എന്ന് പോലും പലരും കുറിച്ചു.
In China, you can earn $32,000/year to be a panda nanny. All you have to do is hang out with and love and cuddle panda cubs. pic.twitter.com/2TRwWZXbaN
— Fascinating (@fasc1nate) April 28, 2023
ചൈന സർക്കാർ രാജ്യത്തുടനീളം പാണ്ട പ്രജനന, ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്. ഇതുവഴി പൊതുജനങ്ങൾക്ക് പാണ്ടകളെ അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥകളിൽ ചെന്ന് കാണാൻ സാധിക്കും. പാണ്ടകളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം. വംശനാശ ഭീഷണി നേരിടുന്നവയാണ് നിലവിൽ പാണ്ടകൾ. പാണ്ടകൾ പ്രത്യേകം പരിചരണം നൽകുന്നതിന് വേണ്ടിയാണ് പാണ്ട നാനി പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.