IndiaNEWS

കഠിന ചൂടിൽ ചുട്ടുപൊള്ളി ബംഗാൾ; മഴ ലഭിക്കാൻ ആൺ- പെൺ തവളകളെ വിവാഹം കഴിപ്പിച്ച് ദക്ഷിണ ബംഗാളിലെ ഗ്രാമവാസികൾ

ഠിനമായ ചൂടിൽ ചുട്ടുപൊള്ളുകയാണ് ബംഗാൾ. ഉയർന്ന താപനില തുടരുന്നതിനാൽ ദക്ഷിണ ബംഗാളിലെ പല ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടയിൽ ചൂടിൽ നിന്ന് രക്ഷപ്പെടാൻ മഴ ലഭിക്കാൻ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഉള്ള ശ്രമത്തിലാണ് ദക്ഷിണ ബംഗാളിലെ പല ഗ്രാമങ്ങളിലും ഗ്രാമവാസികൾ. ഇതിനായി വാദ്യാഘോഷങ്ങളോടെ അകമ്പടിയോടെ ആൺ- പെൺ തവളകളെ തമ്മിൽ വിവാഹം കഴിപ്പിച്ചാണ് ഇവർ ദൈവത്തെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുന്നത്.

ചൂട് കൂടുകയും മഴയുടെ വരവ് വൈകുന്നത് അനിശ്ചിതമായി തുടരുകയും ചെയ്യുന്നതോടെയാണ് പരമ്പരാഗത രീതിയിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇവിടുത്തെ ഗ്രാമവാസികൾ ശ്രമിക്കുന്നത്. മഴ ലഭിക്കാത്തതിനെ തുടർന്ന് കുടിവെള്ളത്തിനായി ഗ്രാമവാസികൾ ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കൂടാതെ കാർഷികവിളകൾ എല്ലാം തന്നെ പൂർണ്ണമായും ഉണങ്ങി കഴിഞ്ഞു. പക്ഷിമൃഗാദികളും കുടിവെള്ളം കിട്ടാതെ വലയുകയാണ്. ഇതിനെല്ലാം ഒരു പരിഹാരം കണ്ടെത്താനാണ് ദൈവത്തെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനുള്ള ശ്രമങ്ങളിൽ ഇവർ ഏർപ്പെട്ടിരിക്കുന്നത്.

Signature-ad

നാദിയയിലെ ശാന്തിപൂർ ഹരിപൂർ പഞ്ചായത്തിലെ സർദാർ പാറ പ്രദേശത്താണ് കഴിഞ്ഞദിവസം ആഘോഷമായി തവളകളുടെ വിവാഹം നടത്തിയത്. ഈ ആചാരത്തിന്റെ ഭാഗമായി കൊട്ടും പാട്ടും താളമേളങ്ങളുടെ അകമ്പടിയുമായി ആൺ പെൺ തവളകളെയാണ് വിവാഹം കഴിപ്പിക്കുന്നത്. വലിയ ആഘോഷമായാണ് ഈ ചടങ്ങുകൾ ഇവർ നടത്തുക. മഴയുടെ ദേവനായ വരുണ ദേവനെ പ്രീതിപ്പെടുത്തുകയാണ് ഈ ചടങ്ങിൽ ഇവർ ചെയ്യുന്നത്. നടത്തുന്ന ചടങ്ങുകളിൽ ദൈവം പ്രീതിപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ മഴ ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം. ഫലഭൂയിഷ്ഠതയുടെ പ്രതീകമായാണ് തവളയെ ഇവിടുത്തുകാർ കാണുന്നത്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ആചാരം പരമ്പരാഗതമായി ഇവർ നടത്തിവരുന്നത്.

Back to top button
error: