ബംഗ്ലൂരു: സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരി ദൗത്യം വഴി തിരികെ എത്തി ബംഗളുരുവിൽ കുടുങ്ങിയ മലയാളികൾക്ക് കര്‍ണാടക സർക്കാർ ക്വാറന്റീൻ. കർണാടക സർക്കാരിന്റെ അംഗീകൃത ക്വാറന്റീൻ സെന്ററുകളിലേക്ക് ഇന്നലെ രാത്രി വൈകി എല്ലാവരെയും എത്തിച്ചു. ചട്ടപ്രകാരം അഞ്ച് ദിവസം ഇവിടെ ക്വാറന്റീനിൽ കഴിയും. 25 മലയാളികളാണ് യെല്ലോ ഫീവർ വാക്സീൻ സർട്ടിഫിക്കറ്റില്ലാതിരുന്നതിനാൽ ബംഗ്ലൂരുവിൽ നിന്നും നാട്ടിലേക്ക് എത്താനാകാതെ ദുരിതത്തിലായത്. സർട്ടിഫിക്കറ്റ് ഇല്ലാത്തവർ അഞ്ച് ദിവസം ബെംഗളുരുവിൽത്തന്നെ ക്വാറന്റീനിൽ കഴിയണമെന്നായിരുന്നു വിമാനത്താവള അധികൃതരുടെ നിലപാട്. സ്വന്തം ചിലവിൽ ക്വാറന്റീനിൽ പോകണമെന്നും വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം, സുഡാനിൽ നിന്ന് 135 ഇന്ത്യൻ പൗരന്മാർ കൂടി ജിദ്ദയിലെത്തി. വ്യോമസേനയുടെ C130J വിമാനത്തിലാണ് പന്ത്രണ്ടാം സംഘം ജിദ്ദയിൽ ഇറങ്ങിയത്. നാവികസേനയുടെ ഐഎൻഎസ് സുമേധയിൽ മൂന്നുറ് പേരുടെ പുതിയ സംഘവും പോർട്ട് സുഡാനിൽ നിന്ന് തിരിച്ചു. ഇതോടെ കലാപമേഖലയിൽ നിന്ന് ജിദ്ദയിലെത്തിച്ചവരുടെ എണ്ണം 2400 കടന്നു. ജിദ്ദയിൽ നിന്ന് ആയിരത്തി അറുനൂറോളം പേരെയാണ് ഇതുവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്. 231 പേർ ഇന്ന് പുലർച്ചയോടെ ഡൽഹിയിലേക്ക് തിരിച്ചു.