ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്നതും ഇന്നും തുടരുന്നതുമായ വാണിജ്യകേന്ദ്രമാണ് കോട്ടയം ജില്ലയിലെ അതിരമ്പുഴ. മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനമെന്ന നിലയിലാണ് അതിരമ്പുഴ ഇന്ന് കൂടുതലായി അറിയപ്പെടുന്നത്.
എ ഡി. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനും ശാസ്ത്രജ്ഞനുമായ ക്ലോഡിയസ് ടോളമിയുടെ ഭൂമിശാസ്ത്രവിവരണങ്ങളിലാണ് “അഡരിമ” എന്ന പേരിൽ അതിരമ്പുഴ ചരിത്രത്തിൽ ആദ്യമായി സ്ഥാനം പിടിക്കുന്നത്. ടോളമി പറയുന്ന ലക്ഷണങ്ങൾ വച്ച് അഡരിമ അതിരമ്പുഴ എന്നു തന്നെ മിക്ക ചരിത്രകാരന്മാരും ഉറപ്പിക്കുന്നു. അതിരുമല എന്ന പ്രാകൃതത്തിൽനിന്നാകാം അഡരിമ എന്ന ഗ്രീക്ക് നാമത്തിന്റെ നിഷ്പത്തി എന്നു കരുതാം. മലനാടിന്റെ ഉൾപ്രദേശങ്ങളാകെ ശിലായുഗ സംസ്കാരത്തിൽ നിലനിൽക്കുമ്പോഴും തീരപട്ടണങ്ങളിൽ വൈദേശിക വാണിജ്യബന്ധങ്ങൾ നിർബാധം തുടർന്നിരുന്നു എന്ന് കേരളത്തിന്റെ പ്രാചീനചരിത്രത്തിൽ നിന്ന് വെളിവാകുന്നുണ്ട്. വേമ്പനാട്ടുകായൽ ഉൾക്കടലായി കയറിക്കിടന്നിരുന്ന അക്കാലത്തെ അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച സുഗന്ധവ്യഞ്ജന വാണിജ്യകേന്ദ്രങ്ങളിലൊന്നായിരി ക്കാം അഡരിമ എന്ന അതിരമ്പുഴ എന്നതാണ് ടോളമിയുടെ പരാമർശത്തിൽനിന്ന് കരുതേണ്ടത്. മൂവാറ്റുപുഴയാറിന്റെ അഴിമുഖമായിരുന്ന സെമ്നെ(ചെമ്മനാകരി)യും വെമ്പലനാടിന്റെ കുലപുരിയായ കടന്തേരി (കടുത്തുരുത്തി)യും കഴിഞ്ഞാൽ തെക്കുള്ള പ്രധാന വാണിജ്യകേന്ദ്രമായിരുന്നു പിൽക്കാലത്ത് അതിരംകരി എന്നറിയപ്പെട്ട അതിരമ്പുഴ.
പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളിലാണ് കുറവിലങ്ങാടുനിന്ന് വമ്പിച്ച തോതിൽ നസ്രാണി കുടിയേറ്റം അതിരമ്പുഴയിലേയ്ക്ക് ഉണ്ടാകുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ പ്രദേശത്തെ ക്രിസ്ത്യൻ ദേവാലയമായ അതിരമ്പുഴ മർത്തമറിയം പള്ളി സ്ഥാപിതമായതായും പള്ളിരേഖകൾ വ്യക്തമാക്കുന്നു. അതിരമ്പുഴയങ്ങാടിയിൽ അക്കാലം മുതൽ നസ്രാണിസമൂഹം വ്യാപാരരംഗത്ത് മുൻപന്തിയിൽ തന്നെ തുടർന്നു.
പതിമൂന്നാം നൂറ്റാണ്ടിൽ ഭാരതം സന്ദർശിച്ച പ്രശസ്തനായ ഇറ്റാലിയൻ സഞ്ചാരി മാർക്കോ പോളോ കേരളത്തിലെത്തിയപ്പോൾ മികച്ച ഉൾനാടൻ അങ്ങാടിയെന്ന നിലയിൽ പേരെടുത്ത “അതിരംകരി”യിലെത്തിയതായി രേഖപ്പെടുത്തുന്നുണ്ട്. ചന്തക്കുളത്തിൽ ചരക്കുവള്ളങ്ങൾ വന്നടുക്കുന്നതും മൺപാത്രങ്ങൾ, കന്നുകാലികൾ, പച്ചക്കറികൾ, തുണിത്തരങ്ങൾ ഒക്കെയും കച്ചവടം ചെയ്യപ്പെടുന്നതായും മാർക്കോ പോളോ വിശദീകരിക്കുന്നുണ്ട്.
പ്രധാന നദിയായ ഗൗണയിൽ (മീനച്ചിലാർ) പേരൂരിൽനിന്ന് ആരംഭിച്ച് തെള്ളകം കടന്ന് പെണ്ണാറിൽ വന്നു ചേരുന്ന തോടായിരുന്നു കിഴക്കൻ മലഞ്ചരക്കുകളെ അതിരമ്പുഴയിലെത്തിക്കാനുള്ള ആദ്യ കാലത്തെ പ്രധാന ജലമാർഗ്ഗം; ഇന്നത് അടഞ്ഞുപോയിരിക്കുന്നു. കുറവിലങ്ങാട്ടുനിന്ന് പുറപ്പെട്ട് കട്ടച്ചിറത്തോട്ടിലൂടെ പുന്നത്തുറയിലെത്തി വാസമുറപ്പിച്ചവരാകാം പിൽക്കാലത്ത് മേൽപ്പറഞ്ഞ പേരൂത്തോട്ടിലൂടെ അതിരമ്പുഴയിലെത്തിയ നസ്രാണികൾ എന്നു കരുതാം.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വെമ്പലനാട് രണ്ടായി വിഭജിച്ച് തെക്കുംകൂറും വടക്കുംകൂറും സ്വതന്ത്ര നാട്ടുരാജ്യങ്ങളായി രൂപപ്പെട്ടപ്പോൾ അതിർത്തിയായി നിശ്ചയിച്ചിരുന്നത് കൈപ്പുഴയാറും തുടർന്ന് കൈപ്പുഴയുടെ തെക്കുഭാഗത്തുനിന്ന് തുടങ്ങി അതിരമ്പുഴയ്ക്ക് വടക്കുമാറി കോട്ടമുറിയിലെത്തി കാണക്കാരി, കടപ്പൂർ, കിടങ്ങൂർ, ളാലം എന്നീ പ്രദേശങ്ങൾ പിന്നിട്ട് കൊണ്ടൂർ വരെ എത്തിയിരുന്ന മൺകോട്ടയുമായിരുന്നു. ഈ മൺകോട്ടയുടെ മുകളിലൂടെ കാളവണ്ടിയിൽ സഞ്ചരിക്കാമായിരുന്നു എന്നും പഴമക്കാർ പറയുന്നു. ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ കാരിസ് ഭവന് സമീപം അടുത്ത കാലം വരെയും തകർന്ന കോട്ടയുടെ അവശേഷിപ്പുകൾ കണ്ടിട്ടുണ്ട്. അപൂർവ്വം ചിലയിടങ്ങളിലും അടയാളങ്ങൾ ശേഷിക്കുന്നുണ്ട് എന്നു കേൾക്കുന്നു.
അതിരമ്പുഴയിലെ അങ്ങാടിയുടെ സുവർണ്ണകാലം തെക്കുംകൂർ ഭരണ കാലഘട്ടമാണ്. തെക്കുംകൂറിന്റെ വടക്കേ അതിരിലെ പ്രധാന വാണിജ്യകേന്ദ്രം എന്നതായിരുന്നു പ്രത്യേകത. അക്കാലത്ത് കാർഷികസമ്പന്നമായ ഇടനാട്ടിലെ വാണിജ്യവിളകളായ ചുക്ക്, കുരുമുളക്, മറ്റു സുഗന്ധവ്യഞ്ജനങ്ങൾ, ശർക്കര എന്നിവ കയറ്റുമതി ചെയ്തപ്പോൾ ഉപ്പ്, മത്സ്യം, ധാന്യങ്ങൾ എന്നിവ ഇറക്കുമതി ചെയ്തവയിൽ പ്രധാനമായി. കുടവെച്ചൂരിലെ പോർട്ടുഗീസ് പണ്ടികശാലയിലേയ്ക്കുള്ള മലഞ്ചരക്കുകൾ കൂടുതലായും കയറിപ്പോയിരുന്നത് അതിരമ്പുഴയിൽ നിന്നായിരുന്നു. കൊങ്കണി മാരും കച്ചവടത്തിൽ ഭാഗഭാക്കാകുന്നത് അക്കാലത്താണ്. തെക്കുംകൂറിന്റെ കാലത്ത് നിരവധി സ്ഥാനമാനങ്ങൾ നേടിയിരുന്ന നസ്രാണി കുടുംബങ്ങൾ അതിരമ്പുഴയിലുണ്ടായിരുന്നു. ചില കുടുംബക്കാർ കോട്ടയത്തേയ്ക്ക് കുടിയേറിയിരുന്നു. കോടിമതയിൽ എണ്ണവ്യാപാരത്തിനായി അതിരമ്പുഴയിൽ നിന്ന് തെക്കുംകൂർ രാജാവ് വിളിച്ചു വരുത്തി പാർപ്പിച്ച നസ്രാണിവ്യാപാരികളുടെ കുടുംബമാണ് പ്രശസ്തമായ പാലത്തിങ്കൽ കുടുംബം. എഴുത്തുകാരിയായ അരുന്ധതി റോയിയുടെ മാതാവും വിദ്യാഭ്യാസ പ്രവർത്തകയുമായ മേരി റോയ് ഈ കുടുംബത്തിലെയാണ്.
അതിരമ്പുഴയങ്ങാടിയുടെ തകർച്ച തെക്കുംകൂറിന് മേൽ തിരുവിതാംകൂർ വിജയം നേടുന്നതോടെ ആരംഭിക്കുന്നു. ചങ്ങനാശ്ശേരിയും കോട്ടയവും രാമയ്യൻ ദളവയുടെ നേതൃത്വത്തിലുള്ള സൈന്യം ആക്രമിച്ച് അധീനപ്പെടുത്തിയതോടെ അതതിടങ്ങളിലെ അങ്ങാടികൾ വൻതോതിൽ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. താഴത്തങ്ങാടിയിലെ പണ്ടികശാലകൾ ഒന്നൊഴിയാതെ തകർത്ത് മുന്നേറിയ തിരുവിതാംകൂർ സൈന്യമാണ് തളിയിൽകോട്ട പിടിച്ച് തെക്കുംകൂറിന്റെ പതനം ഉറപ്പിക്കുന്നത്. ഇതേ തുടർന്ന് തെക്കുംകൂറിലാകെ തുടർന്ന അരാജകത്വം എല്ലാ അങ്ങാടികളെയും നിശ്ചലമാക്കിയെന്നു മാത്രമല്ല ജനജീവിതം തന്നെ കുറേക്കാലത്തേയ്ക്ക് താറുമാറിലായി. അതിൽ പെട്ട് അതിരമ്പുഴയുടെയും സമ്പന്നമായ ഭൂതകാലം ചരിത്രത്തിന്റെ ഇരുളടഞ്ഞ അധ്യായങ്ങളിൽ മങ്ങിക്കിടന്നു.
തിരുവിതാംകൂറിനെതിരായ പ്രതിവിപ്ലവ ശ്രമങ്ങൾ മീനച്ചിലും ഏറ്റുമാനൂരും കടുത്തുരുത്തിയും കേന്ദ്രീകരിച്ച് ആരംഭിച്ചുവെങ്കിലും അതും തുടർച്ചയായി ഉണ്ടായ മൈസൂർ ആക്രമണഭീഷണിയിൽപ്പെട്ട പൊലിഞ്ഞു പോവുകയാണുണ്ടായത്. തിരുവിതാംകൂർ പിടിച്ചെടുത്ത വടക്കൻ പ്രദേശങ്ങൾ വടക്കൻ ഡിവിഷനിൽ ഉൾപ്പെടുത്തി ഭരണകാര്യങ്ങൾ പുനസംഘടിപ്പിക്കപ്പെട്ടു എങ്കിലും പഴയ പ്രതാപത്തിലേയ്ക്ക് എത്തിപ്പെടാൻ ഏറെ വൈകിയിരുന്നു.
കാർത്തിക തിരുനാൾ രാമവർമ്മ എന്ന ധർമ്മരാജാവ് അധികാരത്തിലിരുന്ന കാലത്താണ് വടക്കൻ ഡിവിഷന് പരിഗണന കിട്ടിത്തുടങ്ങുന്നത്. രാജാകേശവദാസൻ ആലപ്പുഴ തുറമുഖം സ്ഥാപിക്കുന്നതോടെ കിഴക്കുള്ള ഉൾനാടൻ അങ്ങാടികളുടെ പ്രസക്തി വീണ്ടും വർദ്ധിച്ചു. ക്രമേണ കച്ചവടരംഗം അഭിവൃദ്ധി പ്രാപിച്ചു. വേലുത്തമ്പി ദളവ ചങ്ങനാശ്ശേരി, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ പിൽക്കാലത്ത് കമ്പോളങ്ങൾ ആരംഭിച്ചു. അതിനെ തുടർന്ന് അരനൂറ്റാണ്ടിന് ശേഷം ആയില്യം തിരുനാൾ തിരുവിതാംകൂർ ഭരിക്കുന്ന കാലത്ത് പ്രശസ്തനായ ദിവാൻ സർ. ടി.മാധവറാവു അതിരമ്പുഴയുടെ വാണിജ്യസാധ്യതകൾ തിരിച്ചറിയുകയും നഷ്ടപ്പെട്ടു പോയ പ്രതാപം തിരിച്ചെടുക്കും വിധം ഒരു ചന്ത സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ചന്ത തുടങ്ങുന്നതിനുള്ള ചുമതല ചേർത്തല ഡിവിഷൻ പേഷ്കാരായിരുന്ന പി.ശങ്കുണ്ണിമേനോൻ ഏറ്റെടുത്തു. ഏറ്റുമാനൂർ മണ്ഡലത്തും വാതിൽക്കൽ തഹശീൽദാരായിരുന്ന വൈക്കം നാരായണപിള്ള ചന്തയുടെ പ്രവർത്തനങ്ങൾ ഏകോപിപിച്ചു. അങ്ങനെ AD 1867ൽ അതിരമ്പുഴ ചന്ത പുനരാരംഭിച്ചു.
ക്രിസ്ത്യാനികളെ കൂടാതെ കൊങ്ങിണിപ്പട്ടന്മാരും തമിഴ് ബ്രാഹ്മണരും റാവുത്തർമാരും ചന്തയിലെ കച്ചവടത്തിൽ പങ്കാളികളായി. ചന്തയിൽനിന്ന് അക്കാലത്ത് കയറ്റി അയച്ചിരുന്നതിൽ പ്രധാന ചരക്ക് ചുക്കായിരുന്നു. രണ്ടാമത് കുരുമുളകും. കൊപ്രയും അടയ്ക്കയും മരച്ചീനി പച്ചയും ഉണക്കയും വാട്ടിയുണക്കിയതും പിന്നീട് വരുന്നു. ഊറയിട്ട തുകലും കാഞ്ഞിരക്കുരുവും തുടങ്ങി പലയിനം മലഞ്ചരക്കുകളും അതിൽപെടും. ഇറക്കുമതിയിൽ പ്രധാനം അരി, നെല്ല്, ഉപ്പ്, പുകയില,മത്സ്യം, വെളിച്ചെണ്ണ, മണ്ണെണ്ണ എന്നിവയായിരുന്നു.
ഈ ചന്തയിലെ കച്ചവടം കൊച്ചി, ആലപ്പുഴ, കോട്ടാർ, കൊല്ലം, കോയമ്പത്തൂർ, പാലക്കാട് സേലം, വെല്ലൂർ, ഈറോഡ്, ചാവക്കാട്, പൊന്നാനി എന്നീ പ്രദേശങ്ങളിലെ ചന്തകളുമായി ബന്ധപ്പെട്ടാണ് നടന്നത്. പാലാ, ഏറ്റുമാനൂർ, തൊടുപുഴ, മൂവാറ്റുപുഴ, കുറുപ്പന്തറ, കോട്ടയം, വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ടാണ് ഉൾപ്രദേശത്തെ കച്ചവടം നടന്നത്.
1917 ൽ അതിരമ്പുഴ ചന്തയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കുകയുണ്ടായി. അതോടനുബന്ധിച്ച് ചന്തയുടെ ഒരു ഭാഗത്ത് ഒരു സ്മാരകമണ്ഡപം പണിത് ശിലാലിഖിതം സ്ഥാപിച്ചു. പിന്നീട് 1967ൽ ശതാബ്ദി ആഘോഷക്കാലത്ത് സ്മാരകം പുതുക്കി ഉയർന്ന സ്തംഭമായി ഇന്നു കാണുന്ന നിലയിൽ പണികഴിപ്പിച്ചു. ചന്ത സ്ഥാപിക്കപ്പെട്ടിട്ട് 156 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സ്മാരകം നിർമ്മിച്ചിട്ട് 106 വർഷവും.