IndiaNEWS

ചൂട് സഹിക്കാൻ പറ്റുന്നില്ലേ, പോകാം‌ മഴയുടെ തറവാട്ടിലേക്ക്

‘മഴയിൽ കുടയില്ലാതെ നടക്കാന്‍ എനിക്കിഷ്ടമായിരുന്നു, കാരണം മഴയില്‍ എന്റെ കണ്ണീര്‍ ആരും കാണില്ലല്ലോ’ ചാർളി ചാപ്ലിന്‍ 
 
 
 

ഴയുടെ രൗദ്രഭവങ്ങള്‍ ആസ്വദിച്ച്, മഴയില്‍ നീരാടി, വെള്ളച്ചാട്ടത്തില്‍ കുളിച്ച്, പ്രകൃതിയിലലിഞ്ഞ് പുതിയൊരു ഊർജ്ജം തേടി‌യുള്ള യാത്ര…ഈ കൊടും ചൂടിൽ കേൾക്കുമ്പോൾ തന്നെ കൊതിവരുന്നില്ലേ..? എന്നാൽ അങ്ങനെയും ചില സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്.

കോടയിറങ്ങുന്ന പശ്ചിമഘട്ട മലനിരകളിലെ ചുരങ്ങൾ.അതിലൂടെ മഴ നനഞ്ഞ് വെള്ളച്ചാട്ടത്തിലലിഞ്ഞ് മഴയുടെ വിവിധ ഭാവങ്ങൾ നുകർന്നൊരു യാത്ര.ഏതൊരു മഴ പ്രേമിയുടെയും സ്വപ്നമായിരിക്കും ഇ​തെല്ലാം.പ്രത്യേകിച്ച് ചൂടുകാലത്ത്. മഴയെ സ്നേഹിക്കുകയും അതിലലിയാനുള്ള അവസരങ്ങൾ പാഴാക്കാത്തവർക്കുമായി സമർപ്പിക്കുന്നു…

Signature-ad

മഴയുടെ തറവാടെന്നറിയപ്പെടുന്ന മഹാരാഷ്​ട്രയിലെ അംബോളിയിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്.ഏത് സമയത്തും മഴയിലും കോടയിലും മുങ്ങിയ ചുരം, നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ… അങ്ങനെ കൊതിപ്പിക്കുന്ന നിരവധി മഴക്കാഴ്ചകളാൽ സമ്പന്നമായ ഒരു സ്ഥലമാണ് അംബോളി.

ട്രെയിനിൽ പോകുന്നവർക്ക് മഹാരാഷ്ട്രയിലെ കുടൽ സ്​റ്റേഷനില്‍ ഇറങ്ങാം.കൊങ്കൺ റെയിൽവേ സോണിലാണ് കുടൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.അവിടെ നിന്ന് ധാരാളം ബസുകൾ ലഭിക്കും അംബോളിക്ക്.ബസിൽ മഹാരാഷ്​ട്രൻ മലനിരകളിലൂടെ ചുരം കയറുമ്പോൾ തണുത്ത കാറ്റിനൊപ്പം കോടമൂടിയ താഴ്വാരങ്ങളും ഏത് നിമിഷവും പെയ്യാവുന്ന കാർമേഘങ്ങളുമാവും വരവേൽക്കുക.കണ്ണടച്ചു തുറക്കും മുന്നെ പല താളത്തിൽ കൊട്ടിക്കയറിയെത്തുന്ന മഴയെ നമ്മൾ പ്രതീക്ഷിക്കണം.

വലിയ വികസനമൊന്നും ഇനിയും കടന്നുചെന്നിട്ടില്ലാത്ത  ചെറിയൊരു മഹാരാഷ്​ട്രൻ ഗ്രാമമാണ് അംബോളി.മഹാരാഷ്​ട്രയിൽ പശ്ചിമഘട്ടത്തിലെ സഹ്യാദ്രി കുന്നുകളിലെ സിന്ധുദുർഗ് ജില്ലയിൽ 2260 അടി ഉയരത്തിലാണ് അംബോളിയെന്ന ഹിൽസ്‌റ്റേഷൻ. അംബോളി ചുരം ഇന്ത്യയിലെ തന്നെ മനോഹരമായ പാതകളിലൊന്നാണ്​. മാത്രമല്ല ലോകത്തിലെ ഇക്കോ ഹോട്ട്​ സ്​പോട്ടുകളിലൊന്നുമാണ് ഈ പ്രദേശം. അംബോളിയുടെ ഒരുവശം കൊങ്കൺ തീരവും മറുവശങ്ങളിൽ താഴ്വരകളുമാണ്.

കോഹ്​ലാപ്പൂരിൽനിന്ന്​ സിന്ധുദുർഗ് വരെയുള്ള ചുരം പാത ദൃശ്യഭംഗികൊണ്ട് മാത്രമല്ല, ജൈവവൈവിധ്യം കൊണ്ടും പശ്ചിമഘട്ട മലനിരകളിൽ പ്രാധാന്യമർഹിക്കുന്നതാണ്.അയൽ സംസ്ഥാനമായ കർണാടകയിലെ  ലെഗാവിയുമായും ഗോവയിലെ പനാജിയുമായും ബന്ധിപ്പിക്കുന്ന മലമ്പാത കൂടിയാണ് അംബോളി ചുരം.

ചുരത്തിലൂടെ നടന്നു തന്നെയാണ് പോകേണ്ടത്.നൂൽമഴ നനഞ്ഞ് നടക്കുമ്പോൾ ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ കാടിനുള്ളിൽ നിന്നുമൊഴുകി താഴ്വരയിലേക്ക് പോകുന്ന കാഴ്​ച കാണാൻ സാധിക്കും. ചുറ്റും. പച്ചപ്പട്ടുടുത്ത പ്രകൃതിയുടെ പല ഭാവങ്ങൾ.പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ മലകളെ തഴുകുന്ന കോടമഞ്ഞിന്റെ ​​ നേർത്ത പാളികൾ.മഴയിൽ നനഞ്ഞ് ചുരത്തിന്റെ വശങ്ങളിലിരിക്കുന്ന കുരങ്ങൻമാരുടെ വികൃതികൾ ആരുടെയും ശ്രദ്ധയാകർഷിക്കും. പ്രധാന വെള്ളച്ചാട്ടത്തില്‍നിന്ന്​ മുകളിലേക്ക് കയറാൻ പടികൾ ഉള്ളതുകൊണ്ട് തന്നെ സഞ്ചാരികളുടെ തിരക്കും കൂടുതലായിരിക്കും അവിടെ. വെള്ളച്ചാട്ടത്തിന്​ താഴെ താല്‍കാലിക ഷെഡുകളില്‍ നിറയെ കച്ചവടക്കാരുടെ കടകളുണ്ട്​.

 

മഴക്കാലത്തും വേനൽക്കാലത്തും സഞ്ചാരികളെത്തുന്ന ഒരിടമാണ് അംബോളി.കാരണം ഏതുസമയത്തും ഇവിടെ മഴ ലഭിക്കും എന്നതുതന്നെ. ഇന്ത്യയിൽ നാലാമത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം.ഇടതൂർന്ന കാട്ടിനുള്ളിൽ പെയ്യുന്ന മഴ പലവഴികളിലൂടെയൊഴുകി പേരുള്ളതും പേരില്ലാത്തതുമായ വലുതും ചെറുതുമായ നിരവധി വെള്ളച്ചാട്ടങ്ങളായി മാറുന്നു.തുടർന്ന്​ ഇവ ചുരത്തിലൂടെയൊഴുകി താഴ്വാരങ്ങളിലേക്ക് പതിക്കുന്ന മനോഹര കാഴ്ച കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോവർഷവും ഇവിടെയെത്തുന്നത്. മൺസൂൺ സമയത്ത് മഹാരാഷ്​ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിലൊന്നാണ് അംബോളി.

Back to top button
error: