പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് തീവണ്ടി ഫ്ലാഗ് ഓഫ് ചെയ്യാനെത്തുന്ന 25 ചൊവ്വാഴ്ച ഉദ്ഘാടന വേദിക്ക് എതിർവശത്തെ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചിടും. രാവിലെ 8 മുതൽ 11 വരെയാണ് തമ്പാനൂർ ഡിപ്പോ അടച്ചിടുക.
അന്നേദിവസം തമ്പാനൂർ ഷോപ്പിംഗ് കോംപ്ലെക്സിലെ കടകൾക്കും നിയന്ത്രണമുണ്ട്. പ്രധാനമന്ത്രി മടങ്ങിക്കഴിഞ്ഞ് രാവിലെ 11 മണിക് ശേഷമാകും കടകൾ തുറകുക. തമ്പാനൂർ, എംജി റോഡ്, സെക്രട്ടേറിയറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. മേഖലയിലെ പാർക്കിങ്ങുകൾ തലേദിവസം തന്നെ ഒഴിപ്പിക്കും. എല്ലാ ബസ് സർവീസുകളും വികാസ് ഭവനിൽ നിന്ന് ക്രമീകരിക്കും
മാത്രമല്ല വന്ദേ ഭാരതിന്റെ ഫ്ലാഗ്ഓഫ് ചടങ്ങിനുശേഷം പ്രധാനമന്ത്രി ട്രെയിനിൽ സഞ്ചരിക്കില്ല. 25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രാവിലെ 10.30ന് നടക്കുന്ന ഫ്ലാഗ് ഓഫിനുശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികൾക്കാണ് വന്ദേഭാരതിൽ സഞ്ചരിക്കാൻ അനുവാദമുള്ളത്. കൂടുതൽ സ്റ്റോപ്പുകളും അനുവദിച്ചു.
എല്ലാ പ്രധാന സ്ഥലങ്ങൾക്കും പങ്കാളിത്തം ലഭിക്കാനാണ് ഉദ്ഘാടനദിവസം അധിക സ്റ്റോപ്പുകൾ അനുവദിച്ചതെന്ന് റെയില്‍വേ അറിയിച്ചു. 25ന് 10.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് ട്രെയിൻ പുറപ്പെടും. 11.29ന് കൊല്ലത്തെത്തും. 2 മിനിറ്റിനുശേഷം കൊല്ലത്തുനിന്ന് പുറപ്പെടും. കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിലുള്ള സ്റ്റേഷനുകളിൽ 2 മിനിറ്റാണ് ട്രെയിൻ നിർത്തുക. രാത്രി 9.15ന് ട്രെയിൻ കാസർകോട് എത്തും.
വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സാധാരണ സർവീസ് ആരംഭിക്കുമ്പോൾ ഇത്രയും സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ല. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. 8.05 മണിക്കൂറാണ് റണ്ണിങ് ടൈം. രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 1.25ന് കാസർകോട് എത്തും. ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 10.15ന് തിരുവനന്തപുരത്ത് എത്തുമെന്നു റെയിൽവേ അറിയിച്ചു.
ഇതിനിടെ വന്ദേഭാരത് എക്‌സ്പ്രസിന്‍റെ സ്റ്റോപ്പുകളുടെ പട്ടിക പുറത്തുവന്നപ്പോള്‍, തിരൂരിനെ ഒഴിവാക്കിയത് ഒരുതരത്തിലും നീതീകരിക്കാനാവാത്തതെന്ന് പൊന്നാനി എം.പി. ഇ.ടി. മുഹമ്മദ് ബഷീര്‍. ഇത് മലപ്പുറം ജില്ലയോടുള്ള കടുത്ത അനീതിയാണ്. അവഗണനയ്‌ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു