KeralaNEWS

ഗൾഫ് വ്യാപാരി വീട്ടിൽ മരിച്ച നിലയിൽ, പിന്നാലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 612 പവൻ സ്വർണം ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെട്ടു എന്ന പരാതിയുമായി മകൻ പൊലീസിൽ

ദുരൂഹമരണം 

ഗൾഫ് വ്യാപാരി ഗഫൂർ ഹാജി കാഞ്ഞങ്ങാടിനടുത്ത് പൂച്ചക്കാട് മരണപ്പെട്ടതിനു പിന്നാലെ വീട്ടിൽ നിന്ന് 612 പവൻ സ്വർണം ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെട്ടു എന്ന് കാണിച്ച് മകൻ പൊലീസിനെ സമീപിച്ചു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിവരികയാണെന്നും വസ്തുത ബോധ്യപ്പെട്ടാൽ കേസെടുക്കുമെന്നും ബേക്കൽ പൊലീസ് പറഞ്ഞു. എം.സി ഗഫൂർ ഹാജിയെ (55) പൂച്ചക്കാട് ഫാറൂഖ് പള്ളിക്ക് സമീപത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇക്കഴിഞ്ഞ ഏപ്രിൽ 14ന് പുലർച്ചയാണ്.

Signature-ad

ഹൃദയാഘാതം മൂലം ഉറക്കത്തിൽ മരിച്ചതായാണ് വീട്ടുകാർ പറയുന്നത്. തലേദിവസം ഉച്ചയോടെ ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഭാര്യയുടെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. വീട്ടിൽ ഗഫൂർ ഹാജി തനിച്ചാണ് ഉണ്ടായിരുന്നത്. സമീപത്തെ സഹോദരന്റെ വീട്ടിൽ നിന്ന് നോമ്പ് തുറ സാധങ്ങൾ എത്തിച്ചിരുന്നു. എന്നാൽ പുലർച്ചെ ഭക്ഷണ സമയത്ത് ആളനക്കം കേൾക്കാത്തതിനാൽ ബന്ധുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് ഗഫൂർ ഹാജിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ അസ്വാഭാവികത ഒന്നും ഇല്ലാത്തതിനാൽ മൃതദേഹം പൂച്ചക്കാട് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി. ദുബൈയിലും ഷാർജയിലുമായി ഗഫൂറിനും സഹോദരങ്ങൾക്കും നാലോളം സൂപ്പർ മാർക്കറ്റുകളുണ്ട്. സാമ്പത്തികമായി പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സാമൂഹ്യ – ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യവുമായിരുന്നു ഗഫൂർ ഹാജി. മരണപ്പെട്ട ദിവസം ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മന്ത്രവാദിനി ഗഫൂറിന് ഒന്നരക്കോടിയുടെ കടമുണ്ടെന്ന് സൂചിപ്പിച്ചിരുന്നതായി പറയുന്നു. ഇതാണ് ബന്ധുക്കളിൽ സംശയം ഉയരാൻ കാരണമായത്.

കുറെ കാലമായി മന്ത്രവാദിനി ഗഫൂറിന്റെ പിന്നാലെയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ഹൃദ്യമായ പെരുമാറ്റത്തിനുടയായ ഗഫൂർ ഹാജിയുടെ അപ്രതീക്ഷിത മരണം നാട്ടുകാരെയും ബന്ധുക്കളെ വലിയ വിഷമത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 612 പവൻ സ്വർണാഭരങ്ങൾ വീട്ടിൽ നിന്ന് കാണാതായതായി മനസിലായതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.

മരണത്തെ കുറിച്ച് കാര്യമായ സംശയം ഒന്നുമില്ലെങ്കിലും കുടുംബാംഗങ്ങളുടേത് ഉൾപ്പെടെ 612 പവൻ സ്വർണം നഷ്ടപ്പെട്ടതിൽ സംശയം ഉന്നയിച്ചാണ് ബന്ധുക്കൾ രംഗത്തെത്തിയത്. ഗഫൂർ ഇത്രയുമധികം സ്വർണം ആർക്ക്, എന്തിന് നൽകിയെന്ന് അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. ബേക്കൽ ഡിവൈഎസ്‌പി സികെ സുനിൽ കുമാറിന് നൽകിയ പരാതി ബേക്കൽ സി.ഐ യുപി വിപിന് കൈമാറിയിട്ടുണ്ട്.

Back to top button
error: