Movie

മുതുകുളം രാഘവൻ പിള്ള തിരക്കഥയെഴുതി തിക്കുറിശ്ശി, എൻ ഗോവിന്ദൻകുട്ടി, ടി.ആർ ഓമന, രാജശ്രീ എന്നിവർ അഭിനയിച്ച ‘കടമറ്റത്തച്ചൻ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 57 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

ഫാദർ ജോർജ്ജ് തര്യൻ നിർമ്മിച്ച് സംവിധാനപങ്കാളിയായ ‘കടമറ്റത്തച്ചന്’ 57 വയസ്സ്. 1966 ഏപ്രിൽ 22 നായിരുന്നു തിക്കുറിശ്ശി, എൻ ഗോവിന്ദൻകുട്ടി, ടി.ആർ ഓമന, രാജശ്രീ (ഗ്രേസി) എന്നിവർ അഭിനയിച്ച ‘കടമറ്റത്തച്ചൻ’ വെള്ളിത്തിര കണ്ടത്. നിർമ്മാതാവിന്റെ കഥയ്ക്ക് മുതുകുളം രാഘവൻ പിള്ള തിരക്കഥയെഴുതി. കെ.ആർ നമ്പ്യാർ ആയിരുന്നു മറ്റൊരു സംവിധായകൻ. ഫാദർ തര്യനോ നമ്പ്യാരോ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‌തതായി അറിവില്ല.

Signature-ad

പൗലോസ് ശ്ശെമ്മാശ്ശൻ എന്നൊരാളുണ്ടായിരുന്നു (പുരോഹിതനാവുന്നതിന് മുൻപുള്ള ഘട്ടമാണ് ശെമ്മാശ്ശൻ പട്ടം). സൽപ്രവൃർത്തികൾ ചെയ്‌തതിന്‌ ദുഷ്ടബുദ്ധികളാൽ വീട് നശിപ്പിക്കപ്പെട്ട അയാൾ ബാവാ തിരുമേനിയുടെ കൂടെ താമസമാക്കി. കത്രീന എന്നൊരു യുവതിയുമായി അയാൾ ഇഷ്ടത്തിലായിരുന്നു. പക്ഷെ മനുഷ്യൻ ഇച്ഛിക്കുന്നതല്ലല്ലോ ദൈവനിശ്ചയം! ഒരു ദിവസം ബാവായുടെ പശുവിനെ കാണാതായി. പശുവിനെ അന്വേഷിച്ച് പുറപ്പെട്ട ശെമ്മാശ്ശൻ എത്തിപ്പെട്ടത് കൊടുംകാട്ടിൽ പാതാളരാജാവിന്റെ അടുത്താണ്. പാതാളരാജാവിന് കനിവ് തോന്നി ശെമ്മാശ്ശനെ ശിഷ്യനായി സ്വീകരിച്ച് മന്ത്രതന്ത്രാദികൾ പഠിപ്പിച്ച് കൊടുത്തു.

പാതാളരാജാവിന്റെ മകൾ ശെമ്മാശ്ശനിൽ അനുരക്തയായി. നാട്ടിൽ അയാളെ കാത്ത് കത്രീനയുണ്ടല്ലോ. ശെമ്മാശ്ശന്റെ ആദ്യ മന്ത്രപരീക്ഷണം പാതാള രാജാവിന്റെ മകളുടെ അടുത്തായിരുന്നു. അവൾ ശൂന്യമായി. നാട്ടിൽ തിരിച്ചെത്തിയപ്പോഴുണ്ട് കത്രീന വല്ലവന്റെയും ഭാര്യയായിക്കഴിഞ്ഞിരുന്നു. ഒടുവിൽ ശെമ്മാശ്ശൻ അച്ചനായി.

നാട്ടിൽ കറ്റാനം യക്ഷി എന്നൊരു ശല്യം രൂക്ഷമായി. അതിനെ പിടിച്ചു കെട്ടാൻ സ്ഥലത്തെ പ്രധാന നമ്പൂതിരി ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ അച്ചൻ അവളെ ആണിയിൽ തറച്ചു. ശിഷ്‌ടകാലം അദ്‌ഭുത പ്രവർത്തികളാൽ കഴിഞ്ഞിരുന്ന അച്ചന് പ്രായമേറെ കഴിഞ്ഞപ്പോൾ പാതാളരാജാവിനെ കണ്ട് സിദ്ധികൾ തിരിച്ച് കൊടുക്കണമെന്ന് തോന്നി. അപ്രകാരം ചെയ്തെങ്കിലും കോപം അടങ്ങിയിട്ടില്ലാത്ത പാതാള രാജാവ് ഭൂതഗണങ്ങളെ അച്ചന്റെ മേൽ അയച്ചു. അച്ചൻ ഓടി കടമറ്റം പള്ളിയിൽ ശരണം പ്രാപിച്ചു. ശുഭം.

കലാനിലയം നാടകവേദി ‘കടമറ്റത്ത് ‘കഥ വിജയകരമായി സ്റ്റേജിൽ അവതരിപ്പിക്കുന്നത് കണ്ടാവണം ചലച്ചിത്രാവിഷ്‌ക്കാരം വന്നത്. നാടകം ഉണ്ടാക്കിയ ജനപ്രീതി സിനിമയ്ക്ക് സൃഷ്ടിക്കാൻ സാധിച്ചില്ല.

അഭയദേവ്- ദക്ഷിണാമൂർത്തി ടീമിന്റെയായിരുന്നു ഗാനങ്ങൾ. ദക്ഷിണാമൂർത്തി ഒരു ഗാനവും ആലപിച്ചു (ദുഷ്ടാത്മാക്കൾക്കും പിശാചുക്കൾക്കും).

1984 ൽ ‘കടമറ്റത്തച്ചൻ’ എന്ന പേരിൽ മറ്റൊരു ചിത്രമിറങ്ങി. കാർത്തികേയൻ ആലപ്പുഴ രചിച്ച്  എൻ.പി സുരേഷ് സംവിധാനം ചെയ്‌ത ചിത്രത്തിൽ പ്രേംനസീർ, ശ്രീവിദ്യ എന്നിവരായിരുന്നു മുഖ്യതാരങ്ങൾ.
ടി.എസ് സുരേഷ്ബാബുവിന്റെ ബാബു ആന്റണി ചിത്രം ‘കടമറ്റത്ത് കത്തനാർ’ ഇപ്പോൾ നിർമ്മാണത്തിലാണ്.

Back to top button
error: