ഭുവനേശ്വർ: ഒഡിഷയിൽ 70-കാരനെയും രണ്ടു ഭാര്യമാരെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഴു കൊണ്ട് തലയ്ക്ക് വെട്ടേറ്റ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങൾ. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധരും പൊലീസ് നായയും സംഭവ സ്ഥലത്തെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഒഡീഷയിലെ അഖിഫുത്ത ഗ്രാമത്തിലാണ് തങ്കധർ സാഹു എന്ന 70-കാരനും ഭാര്യമാരായ ദ്രൗപതി സാഹു (65) മാധവി സാഹു (45) എന്നിവരും കൊല്ലപ്പെട്ടത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതേദഹങ്ങൾ. രാവിലെ 11 മണി ആയിട്ടും വീടിന് വെളിയിൽ ആരെയും കാണാത്തതിനെത്തുടർന്ന് അയൽവാസി നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് വന്ന് വീട് തുറന്നപ്പോഴാണ് തങ്കധർ സാഹുവും ഭാര്യമാരും വെവ്വേറെ മുറികളിൽ തലയ്ക്ക് വെട്ടേറ്റ് മരിച്ച് കിടക്കുന്നതായി കണ്ടത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വീടിന്റെ പിന്നിൽ നിന്നും രക്തം പുരണ്ട കോടാലി പോലീസ് കണ്ടെടുത്തു. കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നശേഷം പ്രതി വീടിന് പിന്നിലൂടെ ഓടി രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. പിൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. പുറകുവശത്തുനിന്നാണ് രക്തം പുരണ്ട മഴു പൊലീസ് കണ്ടെത്തിയത്.
ബാർഗർഹിൽ ജില്ലയിലെ ബേഡൻ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് അഖിഫുത്ത ഗ്രാമം. തങ്കധർ സാഹുവും രണ്ടു ഭാര്യമാരും കൂടി താമസിക്കുന്ന വീട്ടിലാണ് കൊലപാതകങ്ങൾ നടന്നത്. തങ്കധറിന്റെ ആദ്യ ഭാര്യയാണ് ദ്രൗപതി. ദ്രൗപതിക്ക് കുട്ടികൾ ഉണ്ടാകാത്തതിനാലാണ് തങ്കധർ മാധവിയെയും വിവാഹം കഴിച്ചത്. വിവാഹ ശേഷം മൂവരും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. അനന്തരവനുമായി തങ്കധറിന് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കളിൽ ചിലർ പൊലീസിന് മൊഴി നൽകിയതായി ഒറിസ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മാസങ്ങൾക്ക് മുമ്പ് വരെ അനന്തരവൻ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. തങ്കധറിന്റെ മോട്ടോർ സൈക്കിളുമായി ഇയാൾ പിന്നീട് കടന്നുകളയുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് തങ്കധർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു.