തിരക്കഥാകൃത്ത് എസ്.എൻസ്വാമി സംവിധാനം ചെയ്യുന്ന സിനിമ വരുന്നു, ധ്യാൻ ശ്രീനിവാസൻ നായകൻ
കുറ്റാന്വേഷണ കഥകളിലൂടെ മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നു. ഏപ്രിൽ പതിനഞ്ച് വിഷു ദിനത്തിൽ കൊച്ചിയിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
കാലത്ത് പത്തര മണിക്ക് എറണാകുളം ടൗൺഹാളിൽ നടക്കുന്ന പൂജാ ചടങ്ങോടെയാണ് ചിതീകരണം ആരംഭിക്കുന്നത്.
ലഷ്മി പാർവ്വതി വിഷന്റെ ബാനറിൽ .രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കുടുംബ കഥകളിൽക്കൂടിയാണ് എസ്.എൻ സ്വാമിയുടെ തിരക്കഥാ രചന ആരംഭിക്കുന്നത്. സാജൻ സംവിധാനം ചെയ്ത ‘ചക്കരയുമ്മ’ എന്ന ചിത്രമായിരുന്നു തുടക്കം. വൻ വിജയമായിരുന്നു ആ ചിത്രം. പിന്നീട് സി.ബി.ഐ. ഡയറിക്കുറിപ്പ് ഇരുപതാം നൂറ്റാണ്ട് , മൂന്നാം മുറ, ആഗസ്റ്റ് ഒന്ന് തുടങ്ങിയ ത്രില്ലർ, ചിത്രങ്ങളിലൂടെ ശക്തനായി വളർന്നു. അഞ്ചു പരമ്പര വരെ നീണ്ടു നിൽക്കും വിധത്തിൽ സി.ബി.ഐ ഡയറിക്കുറിപ്പ് ചെന്നെത്തി. പ്രതിനായക വേഷത്തിൽ തിളങ്ങിയ മൂന്നാം മുറയിലെ സാഗർ ഏലിയാസ് ജാക്കിയും പ്രേഷകർക്കു മുന്നിലെത്തി. മലയാളത്തിലെ മികച്ച കൊമേഴ്സ്യൽ ഡയറക്റന്മാരായ ജോഷി, കെ. മധു , സിബി മലയിൽ, സത്യൻ അന്തിക്കാട്, ജി.എസ്.വിജയൻ, ഐ.വി.ശശി, ഷാജി കൈലാസ്, അമൽ നീരദ് തുടങ്ങിയവർക്കു വേണ്ടി തിരക്കഥകൾ ഒരുക്കുവാൻ എസ്.എൻ.സ്വാമിക്ക് അവസരമുണ്ടായി.
കലാധരൻ, തുടങ്ങിയവരും അക്കൂട്ടത്തിലെ പ്രധാനികളാണ്.
ഇതുവരേയും അറുപത്തിയേഴു തിരക്കഥകൾ രചിച്ചു. ഈ ചിത്രത്തിന്റെ രചനാ വേളയിൽ ഇത് തനിക്ക് സ്വന്തമായിത്തന്നെ സംവിധാനം ചെയ്യണമെന്ന് തീരുമാനിച്ചു. ഈ ചിത്രത്തിന്റെ സബ്ജക്റ്റ് തന്നെയാണ് ഇതിനു പ്രേരണയായതെന്ന് എസ്.എൻ സ്വാമി വ്യക്തമാക്കി.
‘എഴുതിയ ഏതു തിരക്കഥയും എനിക്കു സംവിധാനം ചെയ്യാൻ കഴിയുമായിരുന്നു. പക്ഷെ ചെയ്തില്ല. ഈ ചിത്രം അതിനു കാരണമാകുന്നു. അത് എന്താണന്ന് ചിത്രം കാണുമ്പോൾ പ്രേഷകനു ബോദ്ധ്യമാകും.’
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണ് നായിക.
രൺജി പണിക്കർ, ഗ്രിഗറി, രഞ്ജിത്ത് തുടങ്ങിയ നിരവധിപ്പേരും ഈ ചിത്രത്തിൽ അണിനിരക്കുന്നു
ജെയ്ക്ക് ബിജോയ് സിന്റേതാണ് സംഗീതം.
ജാക്സൺ ജോൺസനാണ് ഛായാഗ്രാഹകൻ
ശിവരാമകൃഷ്ണനാണ് പ്രധാന സംവിധാന സഹായി.
നിർമ്മാണ നിർവ്വഹണം – അരോമ മോഹൻ.
വാഴൂർ ജോസ്.