KeralaNEWS

കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് വെസൽ “സൂര്യാംശു’ ഓളപ്പരപ്പിലേക്ക്

കൊച്ചി:കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് വെസൽ “സൂര്യാംശു’ ഓളപ്പരപ്പിലിറങ്ങിയിരിക്കുകയാണ്. 3.95 കോടി രൂപ ചിലവ് വരുന്ന വെസലിൽ ഒരേസമയം 100 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ശീതീകരിച്ച കോൺഫറൻസ് ഹാളും ഡിജെ പാർടി ഫ്ലോറും കഫെറ്റീരിയയുമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ ഡബിൾ ഡക്കർ യാനത്തിൽ ഒരുക്കിയിട്ടുണ്ട്. തീർച്ചയായും  എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പ് നൽകുന്ന പദ്ധതിയായിരിക്കും ‘സൂര്യാംശു’.
കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്ന യാനത്തിന് ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാന്‍ ഇരട്ട ‘ഹള്‍’ ഉള്ള ആധുനിക കറ്റമരന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍നിന്ന് കടമക്കുടി വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്കും അവിടെ നിന്ന് തിരിച്ച് മറൈന്‍ ഡ്രൈവിലേയ്ക്കും പോകുന്ന വിധത്തിൽ 6 മണിക്കൂർ നീളുന്നതാണ് ഒരു പാക്കേജ്. മറ്റൊരു പാക്കേജ് 7 മണിക്കൂർ ദൈർഘ്യമുള്ളതും മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച് ഞാറക്കല്‍ വഴി അവിടെ നിന്ന് തിരിച്ച് ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍ വരെയുള്ളതുമായ യാത്രയാണ്.

Back to top button
error: