ഗുജറാത്ത്: രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി ബ്രാൻഡായ അമുൽ 72,000 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 61,000 കോടി രൂപയായിരുന്നു അമുലിന്റെ വരുമാനം. ഗുജറാത്തിലെ 18 ജില്ലാ ക്ഷീരസംഘങ്ങൾക്ക് അംഗത്വമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണസംഘമാണ് അമുൽ. ഏപ്രിൽ ആദ്യ വാരം തന്നെ ഗുജറാത്തിൽ പാലിന്റെ വിലയും അമുൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) ആണ് അമുൽ എന്ന ബ്രാൻഡിൽ പാലുൽപ്പന്നങ്ങൾ വില്പന നടത്തുന്നത്. 2022-23 സാമ്പത്തിക വർഷം അമുൽ 55,055 കോടി രൂപയുടെ താൽക്കാലിക വിറ്റുവരവ് രേഖപ്പെടുത്തി.
കൊവിഡ്-19-ന് ശേഷമുള്ള വിപണി വീണ്ടെടുക്കലിന്റെയും ബ്രാൻഡഡ് പാലുൽപ്പന്നങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നതിന്റെയും സൂചനയായി വിറ്റു വരവ് വർധിച്ചതിനെ കാണാം. കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 46,481 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 18.5 ശതമാനം വർധനയാണ് ഉണ്ടായത്. 18 അംഗ യൂണിയനുകളും വിറ്റഴിച്ച അമുൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ താൽക്കാലിക വിൽപ്പന 72,000 കോടി കവിഞ്ഞു. ഇപ്പോൾ, 2025-ഓടെ 1,00,000 കോടി രൂപയുടെ വിൽപ്പന വിറ്റുവരവ് കൈവരിക്കാൻ അമുൽ പദ്ധതിയിടുന്നു.
എല്ലാ ഉത്പന്നങ്ങളും വിൽപ്പന വളർച്ച കൈവരിച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന വിറ്റുവരവ് ഉൽപന്നമായ പാലിന്റെ വില്പന ഇത്തവണയും ഉയർന്നു. ഇതിനുപുറമെ, വെണ്ണ, നെയ്യ്, ഐസ്ക്രീം, യുഎച്ച്ടി പാൽ, ഫ്ലേവർഡ് പാൽ, പനീർ, ഫ്രഷ് ക്രീം എന്നിവയുടെ വില്പനയും ഉയർന്നതായി ജിസിഎംഎംഎഫിന്റെ മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത പറഞ്ഞു. ഐസ്ക്രീം വില്പന 41 ശതമാനം വർദ്ധിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷം 9,000 കോടി രൂപ കടന്ന ആഭ്യന്തര ഐസ്ക്രീം വിപണിയിലെ ഏറ്റവും വലിയ വിപണി വിഹിതം അമുലിനാണ്.