കോട്ടയം: നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ് വൈക്കം സത്യഗ്രഹമെന്ന് സഹകരണ- രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍ വാസവന്. നാടിന്റെ സുപ്രധാന മുന്നേറ്റത്തിലെ ജ്വലിക്കുന്ന ഓര്‍മ്മ കൂടിയാണ് വൈക്കം സത്യഗ്രഹമെന്നും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു. മതനിരപേക്ഷത കേരളത്തില്‍ നിന്നും തമിഴ്നാട്ടിലൂടെ ദേശീയതലത്തില്‍ വളര്‍ന്നു പന്തലിക്കണമെന്ന് കൂടി അദ്ദേഹം വ്യക്തമാക്കി.
ചരിത്രത്തിന്റെ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തിയ ത്യാഗോജ്ജ്വല പോരാട്ടമാണ് വൈക്കം സത്യഗ്രഹമെന്ന് മന്ത്രി സജി ചെറിയാൻ. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ സ്വാഗതം ആശംസിച്ച് സംസാരിക്കുകയായിരുന്നു അദേഹം. സാമൂഹ്യമായ ദുരാചാരങ്ങളിൽ നിന്നും മോചനം തേടുന്നതിനും സാമ്പത്തിക ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽ നമ്മുടെ നാട്ടിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു. മലബാർ കലാപത്തിലൂടെ നേടിയെടുക്കാൻ സാധിച്ചത് സാമ്പത്തികമായ നേട്ടമായിരുന്നുവെങ്കിൽ വൈക്കം സത്യാഗ്രഹത്തിലൂടെ നേടിയത് സഞ്ചാര സ്വാതന്ത്ര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.