ചൈനീസ് ബന്ധം ഉള്ള ആപ്പുകൾക്ക് കഷ്ടകാലം, പബ്‌ജിയും ലുഡോ വേൾഡും നിരോധിക്കുമോ?
അതിർത്തി സംഘർഷത്തിന് പിന്നാലെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെ കൂടുതൽ ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം ആലോചിക്കുന്നു എന്നാണ് വിവരം. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഗെയിം ആയ പബ്‌ജിയും കേന്ദ്ര നിരീക്ഷണത്തിൽ ആണെന്നാണ് വിവരം. പബ്‌ജിയും ലുഡോ വേൾഡും അടക്കം 275 ആപ്പുകൾ കേന്ദ്രം നിരീക്ഷിക്കുക ആണെന്നാണ് പുതിയ റിപ്പോർട്ട്.
നിരീക്ഷിക്കുന്ന ആപ്പുകൾ ഏതെങ്കിലും വിധത്തിൽ ദേശീയ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുന്നത്. ഒപ്പം വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സുരക്ഷ സംബന്ധിച്ച് കേന്ദ്രം വിവിധ ആപ്പുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ചില ആപ്പുകൾ വ്യക്തിവിവരങ്ങൾ പങ്കുവെക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിരീക്ഷണം.
ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനി ബ്ലൂ ഹോളിന്റെ അനുബന്ധ സ്ഥാപനം ആണ് പബ്‌ജി വികസിപ്പിച്ചത്. എന്നാൽ ചൈനീസ് കമ്പനി ടെൻസെന്റിന്റെ പിന്തുണ പബ്‌ജിക്കുണ്ട്.
രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളി ഉയർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ടിക്‌ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകളെ നിരോധിച്ചിരുന്നു. ജൂൺ 15നു ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ ബോയ്‌കോട്ട് ചൈന മുദ്രാവാക്യം ഇന്ത്യയിൽ ശക്തമായിരുന്നു.