NEWS

സ്വയം ഭരണ കോളേജുകൾ,നിലപാടിൽ മാറ്റമില്ല: കോളേജുകൾക്ക് സ്വയംഭരണ പദവി ലഭിച്ച സാഹചര്യം സർക്കാർ വ്യക്തമാക്കണം: എസ്.എഫ്.ഐ

തിരുവനന്തപുരം: കേരളത്തിൽ 3 സ്വാശ്രയ കോളേജുകൾക്ക് സ്വയം ഭരണ പദവി നൽകുകയും 12 എയ്ഡഡ് കോളേജുകൾക്ക് സ്വയംഭരണാധികാരം നൽകാനുള്ള നീക്കത്തോടും പൂർണമായ വിയോജിപ്പും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു. 2013 ൽ ഉണ്ടായിരുന്ന യു.ജി.സി ഗൈഡ് ലൈൻ 2018ൽ റഗുലേഷനായി മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാറുകൾക്കും സർവ്വകലാശാലകൾക്കും നിയന്ത്രിക്കാനും ഇടപെടാനും സാധിക്കാത്ത വിധത്തിൽ യു.ജി.സി നേരിട്ട് സ്വയംഭരണ പദവി നൽകുന്ന സ്ഥിതി രൂപപ്പെട്ടു വന്നത്.

സർക്കാർ അഭിപ്രായം എന്ത് തന്നെയാന്നെങ്കിലും യു.ജി.സി യ്ക്ക് അവ പരിഗണിക്കാതെ സ്വയംഭരണ പദവി നൽകാനാകും എന്ന അവസ്ഥയാണ് 2018ലെ ഗൈഡ് ലൈൻ റഗുലേഷനായി യു.ജി.സി മാറ്റിയതോടെ ഇന്നുണ്ടായിരിക്കുന്നത്. കോളേജുകൾക്ക് സ്വയംഭരണം എന്നത് നയമായി സ്വീകരിച്ച് സർവ്വകലാശാല നിയമ ഭേദഗതിയിലൂടെ സംസ്ഥാനത്തെ 18 എയ്ഡഡ് കോളേജുകൾക്കും 1 ഗവർമെൻറ് കോളേജിനും സ്വയം ഭരണാവകാശം നൽകിയത് യു.ഡി.എഫ് സർക്കാറാണ്. എന്നാൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഒരു കോളേജിനും ഇത് വരെ സ്വയംഭരണാനുമതി നൽകാൻ തീരുമാനിച്ചിട്ടില്ല.

ഇന്ന് അംഗീകാരം ലഭിക്കപ്പെട്ട കോളേജുകൾ നേരിട്ട് യു.ജി.സി യെ സമീപിക്കുകയാണ് ചെയ്തിട്ടുള്ളത്. യു.ജി.സി മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന കോളേജുകളാണോ എന്ന് പരിശോധിക്കാൻ ചുമതലയേറ്റ സമിതിയിലേക്ക് ഒരു സംസ്ഥാന സർക്കാർ പ്രതിനിധിയെയും ഒരു സർവ്വകലാശാല പ്രതിനിധിയെയും നൽകുക എന്നത് മാത്രമായി സർക്കാറിന്റെ അധികാരം പരിമിതപ്പെട്ടിരിക്കുകയാണ്.

സംസ്ഥാന സർക്കാർ നിർദ്ദേശിച്ച പ്രതിനിധിയുടെ അഭിപ്രായം അനുകൂലമോ പ്രതികൂലമോ ആയാലും അവ പരിഗണിക്കാതെ യു.ജി.സിക്ക് നേരിട്ട് സ്വയംഭരണാവാശം നൽകാവുന്ന വിധത്തിലുള്ള മാറ്റമാണ് 2018ലെ യു.ജി.സി ഗൈഡ് ലൈൽ ഭേദഗതി ചെയ്ത് റഗുലേഷനാക്കിയതിലൂടെ വന്നിരിക്കുന്നത്.

കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കാനിരിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ചു കൊണ്ടാണ് ഇത്തരത്തിലൊരു ഭേദഗതി യു. ജി.സി വരുത്തിയിട്ടുള്ളത്. ഇത് കേന്ദ്ര സർക്കാർ രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ വിഭാവനം ചെയ്യാനുദ്ദേശിക്കുന്ന മുഴുവൻ കോളേജുകളും സ്വയം ഭരണമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ്. എന്നാൽ ഇടത് സർക്കാറിന്റെ നയത്തിൽ മാറ്റം വന്നുവെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന വാർത്ത പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ 3 കോളേജുകൾക്ക് യു.ജി.സി നേരിട്ട് സ്വയംഭരണ പദവി നൽകിയ നടപടി സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും സ്വയം ഭരണ കോളേജുകൾ അനുവദിക്കുന്ന നടപടി ഏത് ഭാഗത്ത് നിന്നുണ്ടായാലും ശക്തമായി എതിർക്കുകയും പ്രക്ഷോഭമുയർത്തുകയും ചെയ്യുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു.

https://www.facebook.com/SFI.Kerala/posts/3361576820575500

Back to top button
error: