കൊച്ചി: അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികൾക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകർന്ന വിഖ്യാതനടൻ ഇന്നസെന്റിനെ അവസാനമായി ഒന്നുകൂടി കാണാൻ വൻ ജനത്തിരക്ക്.സിനിമ/രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും ഈ കൂട്ടത്തിലുണ്ട്.നടനെന്നതിലുപരി ഒരു എംപി കൂടിയായിരുന്നു അദ്ദേഹം.
ഇന്നസെന്റ് എന്ന എംപിയുടെ ഏറ്റവും വലിയ കൈമുതൽ തെക്കേ ഇന്ത്യയിലെ 4 ഭാഷകൾ ആയിരുന്നു. ഒഴുക്കോടെയുള്ള ഇന്നസെന്റിന്റെ കന്നഡ കേട്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വരെ അമ്പരന്ന ചരിത്രമുണ്ട്. റോഡ് വികസന പദ്ധതികൾ ചുവപ്പ് നാടയിൽ കുടുങ്ങിയപ്പോൾ സെക്രട്ടറി ആന്ധ്രക്കാരൻ ആണെന്ന് മനസിലാക്കി തെലുങ്കിൽ സംസാരിച്ച് കൈയടി നേടുക മാത്രമല്ല, അന്നുതന്നെ പദ്ധതിയുടെ കുരുക്കഴിച്ചു.
കേന്ദ്രമന്ത്രിമാരുടെ ഓഫീസിൽ നിരന്തരം കയറിയിറങ്ങി മണ്ഡലത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഫണ്ട് കണ്ടെത്തിയ ഒരാളായിരുന്നു ഇന്നസെന്റ്. പാർലമെന്റിൽ എത്തികഴിഞ്ഞാൽ ദേശാടനപക്ഷി ആകുന്ന സെലിബ്രിറ്റി ആയിരുന്നില്ല ഒരിക്കലും ഇന്നസെന്റ. എന്നാൽ എംപിയെന്ന നിലയിൽ ഇന്നസെന്റിനെ ഓഡിറ്റ് ചെയ്തതിൽ മലയാളികൾക്ക് തെറ്റി എന്ന് തോന്നാറുണ്ട്. 5 വർഷം കൊണ്ടു വലിയൊരു സൗഹൃദവലയം സൃഷ്ടിച്ചാണ് ഡൽഹിയിൽ നിന്നും അദ്ദേഹം മടങ്ങിയത്. ജനങ്ങൾക്ക് വേണ്ടി ചെയ്ത നല്ലകാര്യങ്ങളാണ് മാനദണ്ഡമെങ്കിൽ ഇന്ത്യയിലെ മികച്ച എംപിമാരിൽ ഒരാളായിരുന്നു ഇന്നസെന്റ്….!!