ലൈഫ് മിഷൻകേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്ലാറ്റ് കെട്ടിടം നിർമ്മിക്കാനുള്ള കരാർ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു.
സന്തോഷ് ഈപ്പൻ പ്രതികൾക്ക് നാല് കോടിയിലധികം രൂപ കോഴ നൽകിയെന്നാണ് കണ്ടെത്തൽ. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുൾപ്പെട്ടതാണെന്നാണ് കണ്ടെത്തൽ. യുഎഇ കോൺസുലേറ്റിലെ ഖാലിദ് അടക്കമുള്ളവർക്ക് ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിനായി നൽകിയത്. ഇതിലെ 20 ശതമാനത്തോളം തുകയാണ് കമ്മീഷനായി നൽകിയത്. പണം ഡോളറുകളാക്കിയാണ് ഖാലിദ് അടക്കമുള്ള പ്രതികൾക്ക് നൽകിയത്. കേസിൽ എം ശിവശങ്കറിനെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു, കള്ളപ്പണം കൈമാറി, ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് പണം ഡോളറുകളാക്കി മാറ്റി, കോഴപ്പണം നൽകി തുടങ്ങി നിരവധി ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെയുണ്ട്. സ്വപ്ന സുരേഷിന്റെ മൊഴിയിലും സന്തോഷിനെതിരെ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.