കോഴിക്കോട്: ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ വീട്ടുടമ മുക്കോലപറമ്പത്ത് എ.കെ സന്തോഷിനെ (32) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
സ്‌ഫോടനത്തിൽ പരിക്കേറ്റ് കോഴിക്കോട് കോഴിക്കോട് ഉള്ളിയേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്തോഷിനെ ഡിസ്ചാർജ് ചെയ്തു പുറത്തിറങ്ങിയ ഉടൻ മുഴക്കുന്ന് എസ്.ഐ ഷിബു പോളിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സ്റ്റേഷനിൽ എത്തിച്ച് സി.ഐ രജീഷിൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുക്കോലപറമ്പത്ത് എ.കെ.സന്തോഷി(32)നെതിരെ സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് മുഴക്കുന്ന് പൊലീസ് കേസ് എടുത്തിരുന്നു. പന്നിപ്പടക്കം ആയിരുന്നു എന്നാണു പൊലീസിന് നൽകിയ മൊഴി.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വീട് സന്ദർശിച്ച സയന്റിഫിക് സംഘം ബോംബ് നിർമാണത്തിന് ഉപയോഗിച്ച രാസവസ്തുക്കൾ സ്ഥലത്തുനിന്നു ശേഖരിച്ചു. ഇവർ നൽകിയ റിപ്പോർട്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത പൊലീസ് ആശുപത്രിയിൽ രഹസ്യ നിരീക്ഷണവും ശക്തമാക്കി.
12 ന് സന്ധ്യയ്ക്ക് 7 മണിയോടെയാണ് സന്തോഷിന്റെ വീട്ടിലെ വർക്ക് ഏരിയയിൽ സ്ഫോടനം ഉണ്ടായത്. ഭാര്യ ലസിതയ്ക്കും പരുക്കേറ്റിരുന്നു. എ.കെ സന്തോഷ് ആർഎസ്എസ്- ബജ്‌റങ്ദൾ പ്രവർത്തകനാണ്. 2018 ൽ വീടിനുള്ളിൽ ഉണ്ടായ സമാന സ്ഫോടനത്തിൽ സന്തോഷിന്റെ കൈവിരൽ അറ്റുപോയി. ഈ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസ് നിലവിലുണ്ട്.
കഴിഞ്ഞ രാത്രി ജഡ്ജിയുടെ വീട്ടിൽ എത്തിച്ച പ്രതിയെ റിമാൻഡ് ചെയ്ത് ജില്ലാ സ്‌പെഷൽ സബ് ജയിലിലടച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ സന്തോഷും ഭാര്യയും ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രാഥമിക ചികിത്സ നടത്തിയ ശേഷം കോഴിക്കോടേക്ക് പോവുകയായിരുന്നു.