ദില്ലി: സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും. ഏപ്രിൽ 18 ന് ഹർജികൾ പരിഗണിക്കും. വാദം തത്സമയം ജനങ്ങളെ കാണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചു.
സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഹൈക്കോടതിയിലെ ഹർജികളും സുപ്രിം കോടതിയിലേക്ക് മാറ്റാൻ നിർദേശം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് തീരുമാനം എടുത്തത്. കേരള ഹൈക്കോടതിക്ക് മുന്നിലുള്ള കേസുകൾ അടക്കമാണ് സുപ്രിം കോടതിയിലേക്ക് മാറ്റിയത്.
പത്തു വർഷമായി ഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ വിവാഹം നിയമ വിധേയമാക്കണമെന്ന് ഹർജി നൽകിയത്. മത വിവാഹ നിയമങ്ങളല്ല പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.