KeralaNEWS

വീണ്ടും ഒരു നനഞ്ഞ പടക്കം കൂടി: ‘എന്റെ ബാഗേജിനകത്ത്   ഡ്രഗ്സ് വെച്ച് പിടിപ്പിക്കാൻ യൂസഫലി വിചാരിച്ചാൽ സാധിക്കും. എന്നെ അവര്‍ക്ക് ജയിലില്‍ കിട്ടിയാലും മതി. അല്ലെങ്കില്‍ സ്ഥലം വിടണം.’ പുതിയ ആരോപണങ്ങളുമായി  സ്വപ്‌ന സുരേഷ്

    കേരളത്തിന് ഇന്ന് സായാഹ്നം ഉദ്വേഗവും ഉൽക്കണ്ഠയും നിറഞ്ഞതായിരുന്നു. ഒടുവിൽ എല്ലാം ഒരു നനഞ്ഞ പടക്കമായി കലാശിച്ചു. സ്വപ്ന സുരേഷ്  ഫേയ്സ്ബുക്ക് ലൈവിലൂടെ പൊട്ടിക്കാൻ ശ്രമിച്ച ആ നനഞ്ഞ പടക്കം മാധ്യമങ്ങളും പ്രതിപക്ഷവും ഇടത് വിരുദ്ധരും ഉത്സവമായി ആഘോഷിക്കുകയാണ്. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി തരുമെന്നും വഴങ്ങിയില്ലെങ്കിൽ  ആയുസ്സിന് ദോഷംവരുത്തുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞെന്നുമാണ് പുതിയ ആരോപണം. മാത്രമല്ല സ്വപനയുടെ ബാഗേജിനകത്ത്  ഡ്രഗ്സ് വെച്ച് പിടിപ്പിക്കാൻ യൂസഫലി വിചാരിച്ചാൽ സാധിക്കുമെന്നും സ്വപ്നയെ ജയിലില്‍ കിട്ടിയാലും മതി എന്നാണ് ശത്രുക്കളുടെ പദ്ധതിയെന്നും ഫേയ്സ്ബുക്ക് ലൈവിലൂടെ അവർ പറഞ്ഞു. സ്വപനയുടെ ആരോപണങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍:

  “മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വിജയ് പിള്ള എന്ന വ്യക്തി എന്നെ വിളിച്ചു. ബെംഗളൂരില്‍ വെച്ച് അദ്ദേഹത്തിനെ നേരില്‍ കണ്ടു. ഒരാഴ്ച സമയം തരാം, സ്വപ്നയും മക്കളും ഇവിടെ നിന്ന് ഹരിയാണയിലേക്കോ ജയ്പൂരിലേക്കോ മാറുക. അവിടെ എല്ലാ സൗകര്യങ്ങളും തരാം. മുഖ്യമന്ത്രി, മകള്‍ വീണ, ഭാര്യ കമല എന്നിവര്‍ക്കെതിരായി എന്റെ കൈവശമുള്ള തെളിവുകള്‍ കൈമാറുക. അവര്‍ അത് നശിപ്പിച്ചു കൊള്ളും.

ഇത് പറഞ്ഞ് മനസ്സിലാക്കാന്‍ വിട്ടതാണ് തന്നെയെന്ന് വിജയ് പിള്ള പറഞ്ഞു. ബെംഗളൂരു വിട്ട് പോകാന്‍ തയ്യാറായില്ലെങ്കില്‍ എന്റെ അയുസ്സിന് ദോഷം വരുത്തുമെന്ന് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി, മകള്‍ വീണ, യൂസഫലി എന്നിവര്‍ക്കെതിരെ സംസാരിക്കുന്നത് നിര്‍ത്തി താന്‍ കള്ളം പറഞ്ഞതാണെന്ന് വ്യക്തമാക്കി ഇവിടെ നിന്ന് മുങ്ങുക. പിന്നീട് ഒരു മാസത്തിനകം മലേഷ്യയിലോട്ടോ യു.കെയിലേക്കോ പോകാനുള്ള സൗകര്യങ്ങള്‍ അവര്‍ ഒരുക്കി തരും. പിന്നീടൊരിക്കലും സ്വപ്ന എവിടെയാണെന്ന് ജനങ്ങള്‍ അറിയരുത്. 30 കോടി നല്‍കാം. മറ്റെവിടെയെങ്കിലും പോയി ജീവിതം ആരംഭിക്കാനുള്ള സൗകര്യങ്ങള്‍ മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷും ചേര്‍ന്ന് സഹായിക്കാമെന്ന് പറഞ്ഞു.

യൂസഫലി എന്ന വ്യക്തി യു.എ.ഇ യിൽ എനിക്ക് ജോലി തരും. യൂസഫലിയുടെ പേര് ഒരു കാരണവശാലും പറയരുത്. ഇദ്ദേഹത്തിന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഷെയറുകളും സ്വാധീനവുമുണ്ട്. എന്റെ ബാഗേജിനകത്ത് യൂസഫലി വിചാരിച്ചാല്‍ ഡ്രഗ്സ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വെച്ച് പിടിപ്പിക്കാനാകും. എന്നെ അവര്‍ക്ക് ഒന്നുകിൽ ജയിലില്‍ കിട്ടിയാല്‍ മതി. അല്ലെങ്കില്‍ സ്ഥലം വിടണം.

അവസാനംവരെ പോരാടാന്‍ തീരുമാനിച്ചു. ജനങ്ങളെ പറ്റിക്കാനോ മുഖ്യമന്ത്രയുടെ രാഷ്ട്രീയ ജീവിതം തകര്‍ക്കാനോ ഒരു അജണ്ടയും എനിക്കില്ല. തീരുമാനമെടുക്കാന്‍ രണ്ടു ദിവസം സമയം തന്നു. ഞാന്‍ ഇക്കാര്യങ്ങളെല്ലാം എന്റെ വക്കീലിനയച്ചു. അദ്ദേഹം ഇക്കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികളെ അറിയിച്ചതായാണ് വിവരം. ഞാന്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. ജീവനുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ എല്ലാ ബിസിനസ് സാമ്രാജ്യങ്ങളും അനധികൃത ഇടപാടുകളും തെളിവുകളോടെ ഞാന്‍ ഈ പറയുന്ന ബിനാമികളായ യൂസഫലിയായാലും രവി പിള്ളയായാലും എല്ലാരുടെ വിവരങ്ങളും കൊടുക്കേണ്ട സ്ഥലത്ത് കൊടുത്തിട്ടുണ്ട്. എന്നെ ഭീഷണിപ്പെടുത്താനോ ചര്‍ച്ചയ്ക്കോ ഇനി തയ്യാറാകരുത്. സത്യം പുറത്ത് വരുന്നതുവരെ ഞാന്‍ പിന്നോട്ട് പോകില്ല. എത്ര നാള്‍ ജീവനോടെ ഉണ്ടാകുമെന്ന് അറിയില്ല. മരണം ഉറപ്പാണെന്നാണ് ഗോവിന്ദന്‍ മാഷ് പറയുന്നത്. എനിക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയും പ്രാര്‍ഥിക്കണം. ഇവിടെനിന്നിട്ടാണെങ്കില്‍ ഇവിടെനിന്നുതന്നെ ഫൈറ്റ് ചെയ്യും.”

Back to top button
error: