വെള്ളൂർ: കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ എടക്കാട് തോട്ടട ഭാഗത്ത് റാഷി വീട്ടിൽ മുഹമ്മദ് സാജിദ് (51) എന്നയാളെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇരുപത്തിയൊന്നാം തീയതി മൂന്നുമണിയോടുകൂടി വെള്ളൂർ അവർമ്മ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ നിന്നും മുപ്പതിനായിരം രൂപ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഉടമ കടയിൽ നിന്നും പുറത്തിറങ്ങിയ സമയം നോക്കി ഇയാൾ കടയിൽ കയറി മോഷണം നടത്തുകയായിരുന്നു.
ഉടമയുടെ പരാതിയെ തുടർന്ന് വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടവെന്ന്‍ കണ്ടെത്തുകയും ,തുടര്‍ന്ന് ഇയാളെ എറണാകുളം മുളന്തുരുത്തിയിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾക്ക് പയ്യോളി, പിണറായി, കായംകുളം, മാള, കളമശ്ശേരി, ഊന്നുകൽ എന്നീ സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.
ഇയാൾ പകൽ സമയം കാറിൽ കറങ്ങി നടന്ന് കടകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. സാധനം വാങ്ങാൻ എന്ന വ്യാജേനെ കടയിലെത്തുകയും, കടയിലെ സാഹചര്യം നിരീക്ഷിച്ചതിനുശേഷം ഉടമയുടെ ശ്രദ്ധമാറുന്ന സമയം നോക്കി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു ഇയാളുടെ പതിവ്. വെള്ളൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ശരണ്യ എസ്. ദേവൻ, എസ്.ഐ വിജയപ്രസാദ് എം.എൽ, എ.എസ്.ഐ രാംദാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.