ന്യൂഡല്‍ഹി: ആർത്തവ അവധി തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഇടപെടാനാകില്ലെന്നും വ്യക്തമാക്കി ഹർജി തള്ളി സുപ്രീം കോടതി. വിദ്യാർഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും ആര്‍ത്തവ അവധി അനുവദിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഇതു സര്‍ക്കാര്‍ നയത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സര്‍ക്കാര്‍ നയത്തില്‍ കോടതിക്കു നിര്‍ദേശം നല്‍കാനാവില്ല. ആര്‍ത്തവ അവധി ആവശ്യം ഉന്നയിച്ചുകൊണ്ടു ഹര്‍ജിക്കാര്‍ക്കു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു നിവേദനം നല്‍കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ പതിനാലാം വകുപ്പ് അനുസരിച്ചുള്ള നടപടിക്കു സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
നേരത്തെ ആര്‍ത്തവ അവധി സംബന്ധിച്ച് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍, ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍ത്തവ അവധി അനുവദിച്ച പശ്ചാത്തലത്തില്‍ ആയിരുന്നു ചോദ്യം.