TRENDING

കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം,മാതൃകയായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസര്‍ഗോഡ് ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ യാത്രമധ്യേ യുവതിയുടെ നില വഷളായതോടെ ആംബുലന്‍സ് ജീവനക്കാര്‍ ആംബുലന്‍സില്‍ തന്നെ പ്രസവത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. മികച്ച അടിയന്തര പരിചരണം നല്‍കി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലാക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കേരളത്തിന് തന്നെ അഭിമാനമായ സേവനം നടത്തിയ ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞിട്ട് പോലും സന്നിദ്ധഘട്ടത്തില്‍ ജീവനക്കാര്‍ നടത്തിയ സേവനം വളരെ വലുതാണ്. കോവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം സേവനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി.

Signature-ad

ഇന്ന് രാവിലെ 7.20 നോടടുത്താണ് സംഭവം നടന്നത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നിന്നും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ യുവതിയെ എത്തിക്കാനായാണ് 108ല്‍ വിളിച്ചത്. ഉടന്‍ തന്നെ മുള്ളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് സ്ഥലത്തെത്തി. 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ റോബിന്‍ ജോസഫ്, പൈലറ്റ് ആനന്ദ് ജോണ്‍ എന്നിവര്‍ ഡോക്ടറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം യുവതിയെ ആംബുലന്‍സിലേക്ക് മാറ്റി പരിയാരത്തേക്ക് യാത്ര തിരിച്ചു. യാത്രാമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. വനിതാ നഴ്‌സിന്റെ സേവനം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതോടെ വഴിയില്‍ നിന്ന് കനിവ് 108 ആംബുലന്‍സിലെ തന്നെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ എസ്. ശ്രീജയും ആംബുലന്‍സില്‍ കയറി.

ആംബുലന്‍സ് പയ്യന്നൂര്‍ കോത്തായംമുക്ക് എത്തിയപ്പോഴേക്കും യുവതിയുടെ നില കൂടുതല്‍ വഷളായി. തുടര്‍ന്ന് ശ്രീജ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് മനസിലാക്കി. ഇതോടെ ആംബുലന്‍സ് റോഡ് വശത്ത് നിര്‍ത്തിയ ശേഷം എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരായ റോബിന്‍ ജോസഫ്, ശ്രീജ എന്നിവരുടെ പരിചരണത്തില്‍ 8.23ന് യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരും അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കി ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി. ഇതിന് ശേഷം ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് യുവതി കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പി.പി.ഇ. കിറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പ്രസവ ശുശ്രൂഷ നടത്തിയത്.

Back to top button
error: