മനാമ: ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾ രാജ്യത്തു നിന്ന് സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് പാർലമെന്റ് അംഗങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച നിയമനിർമാണ ശുപാർശ എം.പിമാർ സമർപ്പിച്ചതായി ഗൾഫ് ഡെയിലി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയന്നു. നികുതി ഘടന അടങ്ങിയ ശുപാർശയാണ് നിരവധി എം.പിമാരുടെ പിന്തുണയോടെ സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
200 ബഹ്റൈനി ദിനാറിൽ (ഏകദേശം 43,000 ഇന്ത്യൻ രൂപയോളം) താഴെയുള്ള തുക പ്രവാസികൾ നാടുകളിലേക്ക് അയക്കുമ്പോൾ അതിന്റെ ഒരു ശതമാനവും 201 ദിനാർ മുതൽ 400 ദിനാർ (87,000 ഇന്ത്യൻ രൂപയോളം) വരെ അയക്കുമ്പോൾ രണ്ട് ശതമാനവും 400 ദിനാറിന് മുകളിൽ അയക്കുമ്പോൾ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിക്ഷേപ സംരക്ഷണം, മൂലധന കൈമാറ്റം എന്നിങ്ങനെയുള്ള ഇടപാടുകൾക്കും ബഹ്റൈനിലെ നികുതി നിയമപ്രകാരം ഇളവുകൾ ലഭിക്കുന്ന മറ്റ് ഇടപാടുകൾക്കും ഇളവ് അനുവദിച്ച് നികുതി ശുപാർശ നടപ്പാക്കണമെന്നാണ് ആവശ്യം. അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ വഴി പ്രവാസികൾ പണം അയക്കുമ്പോൾ തന്നെ നികുതിയും ഈടാക്കണം. ശേഷം ഈ സ്ഥാപനങ്ങളിൽ നിന്ന് ബഹ്റൈൻ നാഷണൽ ബ്യൂറോ ഓഫ് റവന്യൂ നികുതി വരുമാനം ശേഖരിക്കണം.
ബഹ്റൈനിൽ ജീവിക്കുന്ന അഞ്ച് ലക്ഷത്തോളം പ്രവാസികൾ എല്ലാ വർഷവും അവരവരുടെ രാജ്യത്തേക്ക് അയക്കുന്ന ദശലക്ഷക്കണക്കിന് ദിനാർ ബഹ്റൈനിൽ തന്നെ നിക്ഷേപിക്കാനുള്ള പ്രായോഗികമായ മാർഗങ്ങളാണ് ബില്ലിലൂടെ തേടുന്നതെന്ന് പാർലമെന്റ് അംഗം ലുൽവ അൽ റുമൈഹി പ്രാദേശി ദിനപ്പത്രമായ അഖ്ബാർ അൽ ഖലീജിനോട് പറഞ്ഞു. ഏതാണ്ട് 100 കോടി ദിനാറോളം പ്രവാസികൾ ബഹ്റൈനിൽ നിന്ന് വർഷം തോറും സ്വന്തം രാജ്യത്തേക്ക് അയക്കുന്നുവെന്നാണ് കണക്ക്.