CrimeIndiaNEWS

സംഗീത പരിപാടിക്കിടെ സ്റ്റേജിൽ കയറി ഫോട്ടോ എടുക്കാൻ ശ്രമിച്ചതിനെച്ചൊല്ലി തർക്കം; ഗായകന്‍ സോനു നിഗത്തിന് നേരെ ശിവസേന എം.എല്‍.എയുടെ മകന്റെ ആക്രമണം

  • സ്റ്റേജില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചു

മുംബൈ: സംഗീത പരിപാടിക്കിടെ സ്റ്റേജിൽ കയറി ഫോട്ടോ എടുക്കാൻ ശ്രമിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഗായകന്‍ സോനു നിഗത്തിന് നേരെ എം.എല്‍.എയുടെ മകന്റെ ആക്രമണം. മുബൈയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് പ്രശസ്ത ഗായകന്‍ സോനു നിഗത്തിനെതിരെ ശിവസേന എം.എല്‍.എയുടെ മകന്റെ ആക്രമണമുണ്ടായത്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.എല്‍.എ പ്രകാശ് ഫതേര്‍പക്കറിന്റെ മകനാണ് ഗായകനെ സ്‌റ്റേജില്‍ കയറി ആക്രമിച്ചത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വേദിയില്‍ ഗാനമാലപിക്കുന്നതിനിടെ എം.എൽ.എയുടെ മകൻ ഫോട്ടോയെടുക്കാനായി സ്‌റ്റേജിലെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സോനു നിഗത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ഗുലാം മുസ്തഫ ഖാനിന്റെ മകന്‍ റബ്ബാനി ഖാന്‍, അസോസിയേറ്റ്, ബോഡിഗാര്‍ഡ് തുടങ്ങിയവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

Signature-ad

പരിപാടി നടക്കുന്നതിനിടെ എം.എല്‍.എയുടെ മകന്‍ വേദിയിലേക്ക് കയറുന്നതും സോനുവിനെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സെല്‍ഫിയെടുക്കാന്‍ എം.എല്‍.എയുടെ മകന്‍ നിര്‍ബന്ധിച്ചൂവെന്നും ഇതിനിടെ സോനുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കു തര്‍ക്കമുണ്ടായെന്നും പിന്നീട് ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രകാശ് ഫതേര്‍പക്കറാണ് സോനുവിനെ മുംബൈ ചെമ്പൂരിലെ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. നാലു ദിവസമായി നീണ്ടുനിന്ന പരിപാടിയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊതുവേദികളില്‍ പരിപാടി അവതരിപ്പിക്കുന്ന കലാകാരന്മാരുടെ സുരക്ഷ സംബന്ധമായ ചര്‍ച്ചകളും ഉയരുന്നുണ്ട്. സംഭവത്തില്‍ സോനു നിഗം പ്രതികരിച്ചിട്ടില്ല. സംഭവത്തിനോട് പ്രതികരിക്കാന്‍ എം.എല്‍.എയും തയ്യാറായിട്ടില്ല. വിഷയത്തില്‍ ചെമ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Back to top button
error: