NEWS

കോഴിയിറച്ചിയിലെ ലെഗ് പീസുകൾ അധ്യാപകർ അടിച്ചു മാറ്റി, കുട്ടികൾക്ക് കരളും കഴുത്തും മാത്രം; ബംഗാളിൽ അധ്യാപകരെ മുറിയിൽ പൂട്ടിയിട്ട് രക്ഷിതാക്കളുടെ പ്രതിഷേധം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം വിളമ്പേണ്ട കോഴിയിറച്ചിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂളിലെ എല്ലാ അധ്യാപകരെയും മുറിയില്‍ പൂട്ടിയിട്ട് രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം. കുട്ടികള്‍ക്ക് അനുവദിച്ച കോഴിയിറച്ചിയിലെ ഒട്ടുമിക്ക ലെഗ് പീസുകളും അധ്യാപകര്‍ തട്ടിയെടുത്തതായി ആരോപിച്ചായിരുന്നു രക്ഷകര്‍ത്താക്കള്‍ മുറിയില്‍ പൂട്ടിയിട്ടത്.

മാള്‍ഡ ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം അധിക പോഷണം ലഭിക്കാന്‍ കോഴിയിറച്ചി, മുട്ട, പഴങ്ങള്‍ എന്നിവ നല്‍കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ജനുവരിയില്‍ ഇറക്കിയ സര്‍ക്കുലറില്‍, ഏപ്രില്‍ വരെ ഇത്തരത്തില്‍ ഭക്ഷണം വിതരണം ചെയ്യണമെന്നാണ് നിര്‍ദേശം. എന്നാല്‍ കുട്ടികള്‍ക്ക് അനുവദിച്ച കോഴിയിറച്ചിയില്‍ നിന്ന് ഒട്ടുമിക്ക ലെഗ് പീസുകളും അധ്യാപകര്‍ തട്ടിയെടുത്തതായി ആരോപിച്ചായിരുന്നു രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം. സ്‌കൂളില്‍ കൂട്ടത്തോടെ എത്തിയ രക്ഷകര്‍ത്താക്കള്‍ അധ്യാപകരെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. കുട്ടികള്‍ക്ക് ലെഗ് പീസുകള്‍ക്ക് പകരം കോഴിയുടെ കഴുത്തും കരളും കുടലുമാണ് വിളമ്പിയതെന്ന് രക്ഷകര്‍ത്താക്കള്‍ ആരോപിച്ചു.

Signature-ad

ഉച്ചഭക്ഷണത്തോടൊപ്പം കോഴിയിറച്ചി നല്‍കാന്‍ നിശ്ചയിച്ചിരുന്ന ദിവസം അധ്യാപകര്‍ പിക്‌നിക് മൂഡിലായിരുന്നു. അവര്‍ വിലകൂടിയ അരി ഉപയോഗിച്ച് പ്രത്യേകം പാചകം ചെയ്ത് കോഴിയിറച്ചി കഴിച്ചതായും രക്ഷകര്‍ത്താക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിയിറച്ചി വിളമ്പാന്‍ നിശ്ചയിച്ച ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികള്‍ നിരാശരായിരുന്നു. വീട്ടുകാര്‍ ചോദിച്ചപ്പോള്‍ വേണ്ട അളവില്‍ കോഴിയിറച്ചി ലഭിച്ചില്ലെന്ന് കുട്ടികള്‍ പരാതിപ്പെട്ടു. കിട്ടിയതാണെങ്കില്‍ കോഴിയുടെ കഴുത്തും കരളും കുടലും മാത്രമാണെന്നും കുട്ടികള്‍ സങ്കടത്തോടെ പറഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളില്‍ എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുറിയില്‍ പൂട്ടിയിട്ട അധ്യാപകരെ നാലുമണിക്കൂര്‍ കഴിഞ്ഞ് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.

Back to top button
error: