കല്‍പ്പറ്റ: പനമരത്ത് വളര്‍ത്തുനായ കൃഷി നശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ അടിപിടിയിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പനമരം ചുണ്ടക്കുന്ന് സ്വദേശി കിഴക്കേപറമ്പില്‍ ജയന് (41) ആണ് പിടിയിലായത്. അയല്‍ക്കാരനായ പൂളക്കല്‍ രാമകൃഷണന് (60) നെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസിലാണ് ജയനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ജയന്റെ വളര്‍ത്തുനായ പച്ചക്കറിത്തോട്ടം നശിപ്പിച്ചെന്ന് രാമകൃഷ്ണന് ജയനോട് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയിലെത്തിയത്. ഇരുവരും പരസ്പരം മര്‍ദ്ദിച്ചതായി പറയുന്നു. ജയന് ഇരുമ്പ് വടി കൊണ്ട് തന്നെ മര്‍ദ്ദിച്ചെന്നാണ് രാമകൃഷ്ണന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇരുമ്പ് വടി കൊണ്ടുള്ള അടിയില്‍ രാമകൃഷ്ണന്റെ ഇടതു കൈയിലെ എല്ല് പൊട്ടിയെന്നും പറയുന്നു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.
മര്‍ദ്ദനത്തില്‍ തലയ്ക്കും കൈക്കും പരിക്കേറ്റ ജയന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ആയതോടെ പോലീസ് എത്തി അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തില്‍ ജയനും പനമരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പരാതികളും വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. വളര്‍ത്തുനായ കൃഷി നശിപ്പിച്ചിട്ടുണ്ടോ എന്നിവയടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും.