ന്യൂഡല്‍ഹി: ഇന്ത്യ ഉൾപ്പെടെ 30 രാജ്യങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ ഇസ്രായേൽ ഇടപെടലുണ്ടായെന്നാണ് ആരോപണം. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്താന്‍ ഇസ്രായേല്‍ കരാര്‍ സംഘം സോഫ്റ്റ്വേർ ഉപയോഗിച്ചതായി ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഘം ഇന്ത്യയിലും പ്രവര്‍ത്തിച്ചതായാണ് ഗാര്‍ഡിയന്റെ വെളിപ്പെടുത്തല്‍.
ഒരു ആഫ്രിക്കന്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് വൈകിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ഫ്രാന്‍സ് എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകരാണ് സംഘത്തെ സമീപിച്ചത്. നുണപ്രചാരണത്തിനായി എങ്ങനെയാണ് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതെന്ന് സംഘത്തിന്റെ തലവനായ തല്‍ ഹനാന്‍ തന്നെ വിശദീകരിക്കുന്നത് മാധ്യമ സംഘം ഒളിക്യാമറയില്‍ പകര്‍ത്തി. 6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഒളിക്യാമറ ദൃശ്യത്തില്‍ ലോക രാജ്യങ്ങളിലെ 33 തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും 27 ഇടത്ത് തങ്ങള്‍ ലക്ഷ്യം നേടിയെന്നും തല്‍ ഹനാന്‍ അവകാശപ്പെടുന്നു. ഇന്ത്യയില്‍ ഒരു വമ്പന്‍ കമ്പനിക്ക് വേണ്ടി വ്യവസായ തര്‍ക്കത്തില്‍ ഇടപെട്ടെന്നും ഹനാന്‍ വ്യക്തമാക്കുന്നു.