കണ്ണൂര്‍: ഷുഹൈബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ കൊലവിളി പരാമര്‍ശം. ഷുഹൈബിനെ കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ എന്നാണ് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് കമന്റിലൂടെയുള്ള പരിഹാസം. ഷുഹൈബ് വധക്കേസില്‍ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതി ആകാശ് തില്ലങ്കേരി ഇട്ട ഫെയ്‌സ്ബുക്ക് കമന്റിന്റെ അലയൊലികള്‍ നിലനില്‍ക്കേയാണ് വീണ്ടും വെളിപ്പെടുത്തലുകൾ വരുന്നത്.
പല കാര്യങ്ങളിലും കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വനിതാ നേതാക്കളെ ഉള്‍പ്പെടെ അപമാനിച്ചെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ച് ഡിവൈഎഫ്‌ഐ പ്രസ്താവനയിറക്കിയിരുന്നു. അതേസമയം ഷുഹൈബ് വധക്കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള ശ്രമമാണ് ആകാശ് തില്ലങ്കേരി നടത്തുന്നതെന്നും ഏത് തരത്തിലുള്ള അന്വേഷണത്തേയും സിപിഎം ഭയക്കുന്നില്ലെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.