ന്യൂയോര്‍ക്ക്: അമേരിക്കൻ വ്യോമാതിർത്തിയിൽ വീണ്ടുമെത്തിയ അജ്ഞാതവസ്തു സൈന്യം വെടിവെച്ചിട്ടു. ഒരാഴ്ചക്കിടെ അമേരിക്ക വെടിവെച്ച് വീഴ്ത്തുന്ന നാലാമത്തെ അജ്ഞാത വസ്തുവാണിത്. ഹിരോണ്‍ നദിക്ക് മുകളില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെയാണ് അവസാനമായി വെടിവെച്ചിട്ടത്.
ഒരാഴ്ച മുന്‍പ് അമേരിക്കന്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ ചൈനീസ് ബലൂണാണ് തുടക്കം. ചാര ബലൂണ്‍ ആണ് എന്ന് ആരോപിച്ച് സൗത്ത് കാരലൈന തീരത്ത് കണ്ടെത്തിയ ഇതിനെ അമേരിക്ക വെടിവെച്ചു വീഴ്ത്തിയിരുന്നു. തുടര്‍ന്ന് അലാസ്കയിലും കാനഡ അതിര്‍ത്തിയിലുമാണ് അജ്ഞാത വസ്തുക്കളെ കണ്ടെത്തിയത്. ഇതിനെയെല്ലാം വെടിവെച്ച് വീഴ്ത്തിയതിന് പിന്നാലെയാണ് ഹിരോണ്‍ നദിക്ക് മുകളിലും അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്.
ഹിരോണ്‍ നദിക്ക് മുകളില്‍ കണ്ടെത്തിയ അജ്ഞാത വസ്തു മറ്റുള്ളവയുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന ചെറുതാണ് എന്നാണ് റിപ്പോര്‍ട്ട്. എട്ടുഭുജങ്ങളുള്ള നിലയിലാണ് അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ആണ് വെടിവെച്ചുവീഴ്ത്താന്‍ ഉത്തരവിട്ടത്. എഫ്-16 യുദ്ധവിമാനം ഉപയോഗിച്ചാണ് അജ്ഞാത വസ്തുവിനെ വെടിവെച്ച് വീഴ്ത്തിയത്.
കഴിഞ്ഞ ദിവസം കാനഡയുടെ വ്യോമാതിര്‍ത്തിയിലെത്തിയ വസ്തു അമേരിക്കയും കാനഡയുമായി ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തിലാണു തകര്‍ത്തത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 3.41ഓടെയാണ് എഫ്-22 യുദ്ധവിമാനം ഉപയോഗിച്ച് അജ്ഞാത വസ്തു വെടിവച്ചിട്ടത്. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച ഒരു അജ്ഞാത വസ്തുവിനെ താഴെയിറക്കാന്‍ ഉത്തരവിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞു.
നോറാഡ് യുകോണിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അമേരിക്കയുടെ എഫ്-22 വിജയകരമായി ആ വസ്തുവിനു നേരേ വെടിയുതിര്‍ത്തത്. തകര്‍ന്നുവീണ വസ്തുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി പരിശോധിക്കാനും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ നിര്‍ദേശം നല്കി. സിലിണ്ടറിന്റെ ആകൃതിയിലുള്ളതാണു തകര്‍ത്ത വസ്തുവെന്നാണു വിവരം. കഴിഞ്ഞ ദിവസം വെടിവച്ചിട്ട െചെനീസ് നിരീക്ഷണ ബലൂണിന് സമാനമാണ് ഇതെന്ന് കാനഡ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു.
കഴിഞ്ഞ ദിവസം അലാസ്കയ്ക്കു മുകളില്‍ പറക്കുകയായിരുന്ന അജ്ഞാത പേടകം അമേരിക്ക യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചു തകര്‍ത്തിരുന്നു. 40,000 അടി ഉയരത്തില്‍ നിലയുറപ്പിച്ചിരുന്ന പേടകം വ്യോമഗതാഗതത്തിനു ഭീഷണിയാണെന്നു വ്യക്തമായതോടെയാണു തകര്‍ത്തതെന്നു വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് ചൈനീസ് ചാര ബലൂണ്‍ അമേരിക്ക വെടിവച്ചിട്ടത്. ഈ ബലൂണുമായി ബന്ധമുള്ളവയാണോ പിന്നീട് തകര്‍ത്ത അജ്ഞാതവസ്തക്കളെന്ന കാര്യം വ്യക്തമല്ല.