കാഠ്മണ്ഡു: വാലന്റെൻസ് ദിനത്തിൽ ഉപയോഗിക്കാൻ സ്വദേശി റോസാപ്പൂക്കൾ മതിയെന്ന് നേപ്പാൾ. പ്രണയദിനത്തോട് അനുബന്ധിച്ച് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് റോസാപ്പൂ ഇറക്കുമതി ചെയ്യുന്നതിന് നേപ്പാൾ നിരോധനം ഏര്‍പ്പെടുത്തി. സസ്യരോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട് റോസാപ്പൂക്കള്‍ക്ക് ഇറക്കുമതി പെര്‍മിറ്റ് നല്‍കരുതെന്ന് കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്മെന്റ് സെന്റര്‍ അതിര്‍ത്തി ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ത്യ, ചൈന അതിര്‍ത്തികളിലെ 15 കസ്റ്റംസ് ഓഫീസുകളിലാണ് രേഖാമൂലമുള്ള നിര്‍ദേശം നല്‍കിയത്. സസ്യ രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് തല്‍ക്കാലം ഇറക്കുമതി നിര്‍ത്തിവെക്കുന്നതെന്ന് പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് കീടനാശിനി മാനേജ്‌മെന്റ് സെന്റര്‍ അറിയിച്ചു. ഫെബ്രുവരി 14ന് പ്രണയദിനത്തോട് അനുബന്ധിച്ച് റോസാപ്പൂ ഇറക്കുമതിയില്‍ വര്‍ധനയുണ്ടാകുമെന്ന് കണക്ക് കൂട്ടലിലാണ് സര്‍ക്കാര്‍ തീരുമാനം.
‘റോസാപ്പൂക്കളിലും മറ്റ് ചെടികളിലും രോഗസാധ്യതയുണ്ടെന്ന് കാണുന്നു. ഇത്തരം രോഗങ്ങളെക്കുറിച്ച് ശരിയായ പഠനം നടക്കാത്തതിനാല്‍ ഇറക്കുമതി തല്‍ക്കാലം നിര്‍ത്തിവെക്കുന്നു,’ പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് കീടനാശിനി മാനേജ്‌മെന്റ് സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.